പ്രണയത്തിന് ഞങ്ങൾ എതിരല്ല..പക്ഷെ!! ഇനിമുതൽ മാതാപിതാക്കൾ അറിയാതെ കല്യാണം കഴിക്കണ്ട..; നിയമഭേദഗതിക്ക് ഒരുങ്ങി ഗുജറാത്ത് സർക്കാർ; പറയുന്നത് ഒരൊറ്റ കാര്യം മാത്രം

Update: 2026-02-21 01:48 GMT

അഹമ്മദാബാദ്: പ്രണയവിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് വധൂവരന്മാർ രക്ഷിതാക്കളെ അറിയിച്ചിരിക്കണമെന്നതുൾപ്പെടെയുള്ള കർശന വ്യവസ്ഥകളോടെ നിയമഭേദഗതിക്ക് ഗുജറാത്ത് സർക്കാർ ഒരുങ്ങുന്നു. പ്രണയത്തിന് എതിരല്ലെന്നും നിഷ്‌കളങ്കരായ പെൺകുട്ടികൾ വഞ്ചിതരാകാതിരിക്കുകയാണ് ലക്ഷ്യമെന്നും ഉപമുഖ്യമന്ത്രി ഹർഷ് സംഘവി നിയമസഭയിൽ വ്യക്തമാക്കി.

പുതിയ ഭേദഗതി പ്രകാരം, വിവാഹം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ നോട്ടറി സാക്ഷ്യപ്പെടുത്തി ലഭിച്ചാൽ, അസിസ്റ്റന്റ് രജിസ്ട്രാർ പത്തുദിവസത്തിനുള്ളിൽ വധൂവരന്മാരുടെ മാതാപിതാക്കളെ നേരിട്ടോ ഫോൺ വഴിയോ വിവരമറിയിക്കണം. അപേക്ഷയോടൊപ്പം വധൂവരന്മാരുടെയും മാതാപിതാക്കളുടെയും ആധാർ രേഖകളുടെ പകർപ്പ്, വിലാസം, ഫോൺ നമ്പറുകൾ എന്നിവയും സമർപ്പിക്കണം. മാതാപിതാക്കളുടെ സമ്മതമുണ്ടോ എന്നും അപേക്ഷയിൽ വ്യക്തമാക്കേണ്ടതുണ്ട്. ഈ വിവരങ്ങൾ താലൂക്ക് രജിസ്ട്രാർ പരിശോധിച്ച ശേഷം, വിവരങ്ങളെല്ലാം ശരിയാണെങ്കിൽ 30 ദിവസത്തിനുള്ളിൽ വിവാഹരേഖ നൽകും. സർക്കാർ തയ്യാറാക്കുന്ന ഓൺലൈൻ പോർട്ടലിലും ഈ രേഖ അപ്‌ലോഡ് ചെയ്യപ്പെടും.

വിവാഹവഞ്ചന സംബന്ധിച്ച പരാതികൾ വർദ്ധിച്ച സാഹചര്യത്തിലാണ് ഭേദഗതിക്ക് സർക്കാർ തയ്യാറെടുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. "പാഞ്ച്മഹാൽ ജില്ലയിൽ ഒരു മുസ്‍ലിം കുടുംബം പോലുമില്ലാത്ത സ്ഥലങ്ങളിൽ അനേകം നിക്കാഹ് സർട്ടിഫിക്കറ്റുകൾ നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ഒരു സലിം സുരേഷായി ചമഞ്ഞ് പെൺകുട്ടിയെ ചതിക്കുന്നത് അനുവദിക്കാനാവില്ല. ആൾമാറാട്ടം, പ്രേരണ എന്നിവയിലൂടെ സനാതന സംസ്‌കാരത്തെ അട്ടിമറിക്കുന്നതും ലവ് ജിഹാദ് തടയുന്നതും ഈ ഭേദഗതിയുടെ ലക്ഷ്യമാണ്," മന്ത്രി വിശദീകരിച്ചു. രക്ഷിതാക്കളുടെ അനുമതിയില്ലാത്ത വിവാഹങ്ങൾ അസാധുവാക്കണമെന്ന് പട്ടേൽ, ഠാക്കൂർ സമുദായ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.  

Tags:    

Similar News