ക്ഷേത്രമുറ്റത്ത് ഇരുത്തിയിട്ട് പോയി തിരികെ വന്നപ്പോൾ കുഞ്ഞിനെ കാണാനില്ല; പിന്നാലെ രണ്ടര വയസ്സുകാരൻ മകൻ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്
ആർക്കോട്: തമിഴ്‌നാട്ടിലെ റാണിപ്പെട്ട് ജില്ലയിൽ ആർക്കോട്ട് കറുപ്പസാമി ക്ഷേത്രക്കുളത്തിൽ രണ്ടര വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ക്ഷേത്രത്തിലെ പാചകക്കാരിയായ മേഘലയുടെ മകൻ ലക്ഷനാണ് മരിച്ചത്. സംഭവത്തിൽ ആർക്കോട് ടൗൺ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കുള്ള ഭക്ഷണം പാചകം ചെയ്യുന്ന മേഘല, മകൻ ലക്ഷനെ ക്ഷേത്രമുറ്റത്ത് ഇരുത്തിയശേഷം അടുക്കളയിലേക്ക് പോയിരുന്നു.
തിരികെ വന്നപ്പോൾ കുഞ്ഞിനെ കാണാതാവുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്താൻ കഴിയാതെ വരികയുമായിരുന്നു. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആർക്കോട് ടൗൺ പോലീസ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ, സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനും മരണകാരണം കണ്ടെത്താനുമുള്ള തീവ്ര ശ്രമങ്ങളിലാണ് പോലീസ്.