മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി.ജെ.പി എം.എല്‍.എ അന്തരിച്ചു

Update: 2026-02-20 16:06 GMT

ഇംഫാല്‍: മണിപ്പൂരിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി.ജെപി എം.എല്‍.എ വുങ്സാഗിന്‍ വാല്‍ട്ടെ അന്തരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമത്തിലുള്ള ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ 2023 മെയ് മാസത്തില്‍ മെയ്തി-കുക്കി സംഘര്‍ഷങ്ങള്‍ ആരംഭിച്ചപ്പോള്‍ പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

സോമി ഗോത്രത്തില്‍ നിന്നുള്ള വാല്‍ട്ടെ ചികിത്സക്കായി ഡല്‍ഹിയില്‍ ഏകദേശം രണ്ട് വര്‍ഷത്തോളമാണ് ചെലവഴിച്ചത്. മണിപ്പൂരിലേക്ക് മടങ്ങിയതിനുശേഷവും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിലെ പരിക്കുകള്‍ മൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വീല്‍ചെയറിലായിരുന്നു . തലക്ക് സാരമായ പരിക്കേറ്റിരുന്നതിനാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. പരസഹായമില്ലാതെ സാധാരണ ശാരീരിക ചലനങ്ങള്‍ നടത്താനും കഴിയുമായിരുന്നില്ല.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് ഇംഫാലിലെ ഔദ്യോഗിക വസതിയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. മെയ്തി വിഭാഗത്തിലെ അരംബായ് ടെങ്കോള്‍ അംഗങ്ങള്‍ വാള്‍ട്ടെയെ ക്രൂരമായി ആക്രമിച്ചതായും അതില്‍ ഗുരുതരമായി പരിക്കേറ്റതായും അദ്ദേഹത്തിന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ചുരാചന്ദ്പൂരിലെ തന്‍ലോണ്‍ നിയമസഭാ മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു അദ്ദേഹം. മൂന്ന് തവണ എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുന്‍പ് മണിപ്പൂരിലെ ഗോത്രവര്‍ഗ്ഗ ക്ഷേമ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Similar News