എല്‍.പി.ജി ക്ഷാമം ഐടി കമ്പനികളെയും ബാധിക്കുന്നു; ബംഗളുരുവില്‍ ഇന്‍ഫോസിസിന് പിന്നാലെ ടി.സി.എസ്, വിപ്രോ, കോഗ്‌നിസെന്റ് കാന്റീനുകളിലും നിയന്ത്രണം

എല്‍.പി.ജി ക്ഷാമം ഐടി കമ്പനികളെയും ബാധിക്കുന്നു

Update: 2026-03-16 11:12 GMT

ബംഗളൂരു: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ പാചകവാതക ക്ഷാമം ഇന്ത്യയിലെ പ്രമുഖ ഐ.ടി കമ്പനികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. ഇന്‍ഫോസിസിന് പിന്നാലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, കോഗ്‌നിസെന്റ്, വിപ്രോ തുടങ്ങിയ വമ്പന്‍മാരും തങ്ങളുടെ കാന്റീന്‍ സേവനങ്ങള്‍ വെട്ടിക്കുറച്ചു. ഇനി മുതല്‍ ജീവനക്കാര്‍ വീട്ടില്‍ നിന്ന് ഭക്ഷണം കരുതണമെന്ന് കമ്പനികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പുണെ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലെ ഐ.ടി പാര്‍ക്കുകളിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. പുണെ യെരവാഡയിലെ കൊമേഴ്സ് സോണ്‍ ക്യാമ്പസില്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നിലവില്‍ പരിമിതമായ വിഭവങ്ങള്‍ മാത്രമാണ് കാന്റീനില്‍ ലഭിക്കുന്നത്. ബംഗളൂരുവിലെ വൈറ്റ്ഫീല്‍ഡ് കാമ്പസിലും സമാനമായ അവസ്ഥയാണ്.

കോഗ്‌നിസെന്റിന്റെ പുണെ ക്യാമ്പസിലെ ലൈവ് കൗണ്ടറുകള്‍ അടച്ചു. നിലവില്‍ റൈസ് പ്ലേറ്റുകള്‍ മാത്രമാണ് ലഭ്യമാകുന്നത്. പ്രതിസന്ധി നീളുകയാണെങ്കില്‍ നോണ്‍-ക്രിട്ടിക്കല്‍ റോളുകളിലുള്ളവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കുന്നത് പരിഗണനയിലുണ്ട്. വിപ്രോയുടെ ഹിഞ്ചേവാഡി കാമ്പസിലെ ഫാസ്റ്റ് ഫുഡ്, ചൈനീസ് കൗണ്ടറുകള്‍ പ്രവര്‍ത്തനരഹിതമായി. പാചകവാതക ലഭ്യത കുറഞ്ഞതാണ് കാരണമെന്ന് അധികൃതര്‍ അറിയിച്ചു.

കമ്പനികള്‍ വര്‍ക്ക് ഫ്രം ഓഫീസ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ബാച്ചിലര്‍മാരും ഹോസ്റ്റല്‍ നിവാസികളും പ്രതിസന്ധിയിലാണ്. പ്രത്യേകിച്ച് ഹോസ്റ്റലുകളിലും പി.ജികളിലും താമസിക്കുന്നവര്‍ക്ക് പുറത്തുനിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പല ഹോട്ടലുകളും മെനുകള്‍ വെട്ടിക്കുറക്കുകയോ താല്‍ക്കാലികമായി അടക്കുകയോ ചെയ്തിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ 'വര്‍ക്ക് ഫ്രം ഹോംടൗണ്‍' വേണമെന്ന ആവശ്യം ഐ.ടി ജീവനക്കാരുടെ സംഘടനയായ 'ഫോറം ഫോര്‍ ഐ.ടി എംപ്ലോയീസ്' ആവശ്യപ്പെട്ടിട്ടുണ്ട്. പാചകവാതക വിതരണം സാധാരണ നിലയിലാകുന്നത് വരെ ജീവനക്കാര്‍ക്ക് സ്വന്തം നാട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

Tags:    

Similar News