ഹിമന്തയുടെ ഭാര്യ റിനികി ഭുയാന് മൂന്ന് പാസ്പോര്‍ട്ട് ഉണ്ടെന്ന ആരോപണം; പവന്‍ ഖേരയ്ക്ക് മുന്‍കൂര്‍ ജാമ്യം

Update: 2026-04-10 09:36 GMT

ഹൈദരാബാദ്: അസം നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിനിടെ മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മയുടെ ഭാര്യക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് മുന്‍കൂര്‍ ജാമ്യം. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മയുടെ ഭാര്യയ്‌ക്കെതിരായ ആരോപണത്തില്‍ അസം പോലീസ് പവന്‍ ഖേരയ്‌ക്കെതിരേ കേസെടുത്തിരുന്നു. തുടര്‍ന്ന് തെലങ്കാന ഹൈക്കോടതിയെ സമീപിച്ച അദ്ദേഹത്തിന് ഒരാഴ്ചത്തേക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.

ഹിമന്തയുടെ ഭാര്യ റിനികി ഭുയാന് മൂന്ന് പാസ്പോര്‍ട്ടുണ്ടെന്നായിരുന്നു പവന്‍ ഖേര വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. ഇതിനെതിരേ റിനികി ഭുയാന്‍ അസം പോലീസില്‍ മാനനഷ്ടക്കേസ് നല്‍കുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹി പോലീസും അസംപോലീസും പവന്‍ഖേരയുടെ ഡല്‍ഹിയിലെ വസതിയില്‍ എത്തി പരിശോധിച്ചു. എന്നാല്‍ പവന്‍ഖേരയെ കണ്ടെത്തിയിരുന്നില്ല. തെലങ്കാന ഹൈക്കോടതിയിലാണ് പവന്‍ഖേര ജാമ്യാപേക്ഷ നല്‍കിയത്. തന്റെ ഭാര്യാവീട് തെലങ്കാനയില്‍ ആയതിനാലാണ് തെലങ്കാന ഹൈക്കോടതിയെ സമീപിച്ചതെന്നാണ് പവന്‍ ഖേര പറഞ്ഞത്.

Similar News