വിവാഹവാഗ്ദാനം നല്‍കി പീഡനം; പിന്നാലെ മറ്റുള്ളവരുടെ ലൈംഗികാതിക്രമം! ഐടി കമ്പനിക്കുള്ളിലെ ക്രൂരതകള്‍ പുറംലോകമറിഞ്ഞതോടെ ടീം ലീഡറടക്കം ആറ് പേര്‍ അറസ്റ്റില്‍
മുംബൈ: നാസിക്കിലെ പ്രമുഖ ഐടി കമ്പനിയില്‍ വനിതാ ജീവനക്കാര്‍ക്ക് നേരെ വര്‍ഷങ്ങളായി നടന്നുവന്ന ക്രൂരമായ ലൈംഗിക പീഡനത്തിന്റെ വിവരങ്ങള്‍ പുറത്ത്. വനിത ജീവനക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ടീം ലീഡര്‍ ഉള്‍പ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാല് വര്‍ഷമായി കമ്പനിക്കുള്ളില്‍ ജീവനക്കാര്‍ പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി. ലൈംഗിക പീഡനം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി ഒന്‍പത് കേസുകളാണ് പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികളില്‍ ഒരാള്‍ വിവാഹവാഗ്ദാനം നല്‍കി ഒരു വനിതാ ജീവനക്കാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു. ഈ വിവരം അറിഞ്ഞ മറ്റ് പ്രതികള്‍ പരാതിക്കാരിയെ മോശമായി സ്പര്‍ശിക്കുകയും നിരന്തരം അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. ആദ്യ പരാതിക്കാരി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സമാനമായ പീഡനം നേരിട്ട കൂടുതല്‍ വനിതാ ജീവനക്കാരെ പോലീസ് കണ്ടെത്തി. തുടര്‍ന്ന് അവരോടും പരാതി നല്‍കാന്‍ പോലീസ് നിര്‍ദ്ദേശിക്കുകയായിരുന്നു. വനിതാ ജീവനക്കാര്‍ക്ക് പുറമെ കമ്പനിയിലെ ഒരു പുരുഷ ജീവനക്കാരന്റെ മതത്തെ അപമാനിക്കുന്ന രീതിയില്‍ പ്രതികള്‍ സംസാരിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പീഡനവിവരം ചൂണ്ടിക്കാട്ടി മേലുദ്യോഗസ്ഥനോട് പലതവണ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് മാത്രമല്ല, പ്രതികളുടെ പ്രവൃത്തികള്‍ക്ക് മാനേജ്മെന്റ് കൂട്ടുനിന്നതായും പോലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. അറസ്റ്റിലായ അഞ്ച് പ്രതികളെ കോടതിയില്‍ ഹാജരാക്കി ഏപ്രില്‍ 10 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മറ്റൊരു പ്രതി നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മുന്നൂറോളം ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലാണ് ഇത്രയും നാള്‍ സ്ത്രീ സുരക്ഷയെ വെല്ലുവിളിക്കുന്ന രീതിയിലുള്ള അതിക്രമങ്ങള്‍ അരങ്ങേറിയത്. കൂടുതല്‍ ജീവനക്കാര്‍ക്ക് നേരെ അതിക്രമം നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
കമ്പനിയിലെ മേലുദ്യോഗസ്ഥനോട് പലതവണ പരാതിപ്പെട്ടെങ്കിലും നടപടിയെടുത്തില്ലെന്നും, പ്രതികളുടെ പ്രവൃത്തികള്‍ക്ക് കൂട്ടുനിന്നെന്നും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. പ്രതികളില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇവരെ ഏപ്രില്‍ 10 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മറ്റൊരു പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കമ്പനിയില്‍ മുന്നൂറോളംപേര്‍ ജോലി ചെയ്യുന്നുണ്ട്.
