'ഞങ്ങളുടെ കടമ നിര്‍വ്വഹിക്കുന്നു!' ഐപിഎല്‍ തിരക്കിനിടയിലും വോട്ട് രേഖപ്പെടുത്തി റിയാന്‍ പരാഗ്

Update: 2026-04-09 16:23 GMT

ഗുവാഹത്തി: ഐപിഎല്‍ തിരക്കുകള്‍ക്കിടയിലും തന്റെ പൗരധര്‍മ്മം വിസ്മരിക്കാതെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗ്. അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജന്മനാടായ ഗുവാഹത്തിയിലെത്തി താരം വോട്ട് രേഖപ്പെടുത്തി. മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം പരാഗ് ദാസിന്റെയും മുന്‍ ദേശീയ നീന്തല്‍ താരം മിഥു ബറുവയുടെയും മകനായ റിയാന്‍, മാതാപിതാക്കള്‍ക്കൊപ്പമാണ് പോളിംഗ് ബൂത്തിലെത്തിയത്. ന്യൂ ഗുവാഹത്തി മണ്ഡലത്തിലെ ഖാര്‍ഘുലിയിലുള്ള ലാല്‍ സിംഗ് അക്കാദമിയിലായിരുന്നു താരത്തിന്റെ വോട്ട്.

വോട്ട് രേഖപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 'ഞങ്ങളുടെ കടമ നിര്‍വ്വഹിക്കുന്നു' എന്ന കുറിപ്പോടെ പങ്കുവെച്ച ചിത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുമായുള്ള നിര്‍ണായക പോരാട്ടത്തിന് മുന്‍പാണ് താരം സമയം കണ്ടെത്തി വോട്ട് ചെയ്യാനെത്തിയത് എന്നത് ശ്രദ്ധേയമാണ്. അസമിലെ 126 സീറ്റുകളിലേക്കും നടന്ന വോട്ടെടുപ്പില്‍ ഇത്തവണ റെക്കോര്‍ഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. വൈകുന്നേരം 5 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 84.42 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.

ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിച്ച റിയാന്‍ പരാഗിന്റെ ക്യാപ്റ്റന്‍സി വലിയ പ്രശംസയാണ് നേടുന്നത്. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി ഉള്‍പ്പെടെയുള്ളവര്‍ താരത്തിന്റെ നേതൃപാടവത്തെ വാനോളം പുകഴ്ത്തി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ആവേശകരമായ വിജയത്തിന് പിന്നാലെ, റിയാന്റെ പക്വതയെയും ശാന്തതയെയും ശാസ്ത്രി പ്രത്യേകം എടുത്തുപറഞ്ഞു. ഐപിഎല്‍ ചരിത്രത്തിലെ തന്നെ മികച്ച മത്സരങ്ങളിലൊന്നായിരുന്നു അതെന്നും ക്യാപ്റ്റനെന്ന നിലയില്‍ റിയാന് വലിയ ഭാവി ഉണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.

തന്റെ കളിയെക്കുറിച്ചുള്ള പുറത്തുനിന്നുള്ള വിമര്‍ശനങ്ങളെ ഗൗരവമായി കാണുന്നില്ലെന്ന് റിയാന്‍ വ്യക്തമാക്കി. മൈതാനത്തിന് പുറത്തുള്ള അഭിപ്രായങ്ങളേക്കാള്‍ പ്രധാനം തന്റെ പ്രകടനമാണെന്നും പക്വതയോടെ കളിക്കാന്‍ താന്‍ പഠിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാന്റെ സെക്കന്‍ഡറി ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപാര സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെയും മുംബൈ ഇന്ത്യന്‍സിനെയും തകര്‍ത്ത് മുന്നേറുന്ന രാജസ്ഥാന്‍ റോയല്‍സിന് റിയാന്റെ ഫോം വലിയ കരുത്താണ്. അഹമ്മദാബാദില്‍ ഗുജറാത്തിനെതിരെ നേടിയ വിജയവും ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ബാറ്റിംഗിലും നായകത്വത്തിലും ഒരേപോലെ തിളങ്ങുന്ന റിയാന്‍ പരാഗ് ഈ സീസണിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമായി മാറുകയാണ്.

Similar News