ആചാരത്തിന്റെ പേരിൽ നർമദയിൽ ഒഴുക്കിയത് 11,000 ലിറ്റർ പാൽ; നദിയുടെ ആവാസവ്യവസ്ഥയെ തകർക്കുമെന്ന് പരിസ്ഥിതി പ്രവർത്തകരുടെ മുന്നറിയിപ്പ്; നദി മലിനമാകുന്നതിൽ പ്രതിഷേധം ശക്തം
അനുപ്പൂർ: ചൈത്ര നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മധ്യപ്രദേശിലെ പുണ്യനദിയായ നർമദയിൽ പതിനായിരക്കണക്കിന് ലിറ്റർ പാൽ ഒഴുക്കി ഭക്തരുടെ 'അഭിഷേകം'. അമർകണ്ഠക്കിന് സമീപം നടന്ന ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയരുന്നത്. ആചാരത്തിന്റെ പേരിൽ നദിയെ മലിനമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തി.
ശ്രീ ദാദാജി ദർബാർ പാതാലേശ്വർ മഹാദേവ് ക്ഷേത്രത്തിന്റെ നേതൃത്വത്തിലായിരുന്നു ഈ വഴിപാട്. ഏപ്രിൽ എട്ടിന് നടന്ന സമാപന ചടങ്ങിൽ മാത്രം 11,000 ലിറ്റർ പാലാണ് നദിയിലേക്ക് ഒഴുക്കിയത്. മാർച്ച് 18 മുതൽ ഏപ്രിൽ 7 വരെ നടന്ന മഹായജ്ഞത്തിന്റെ ഭാഗമായി ദിവസവും 151 ലിറ്റർ പാലും പ്രത്യേക ആഘോഷങ്ങളിൽ 1,100 ലിറ്ററും നർമദയിൽ ഒഴുക്കിയിരുന്നു.
നർമദ തീരത്ത് അഞ്ച് ഏക്കറിലായി തയാറാക്കിയ കൂറ്റൻ പന്തലിലായിരുന്നു ചടങ്ങുകൾ. പാലിന് പുറമെ 41 ടൺ നെയ്യ്, ഔഷധക്കൂട്ടുകൾ, സ്വർണം, വെള്ളി എന്നിവ ഹോമത്തിനായി ഉപയോഗിച്ചതായി സംഘാടകനായ പവൻ പവാർ അറിയിച്ചു. നർമദയെ മാതാവായാണ് ആരാധിക്കുന്നതെന്നും ലോകക്ഷേമത്തിനായാണ് ഇത്തരമൊരു വഴിപാട് നടത്തിയതെന്നുമാണ് സംഘാടകരുടെ വാദം.
അന്ധമായ ഇത്തരം ആചാരങ്ങൾ നദിയുടെ ആവാസവ്യവസ്ഥയെ തകർക്കുമെന്ന് പരിസ്ഥിതി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നദിയിൽ അമിതമായി പാൽ ഒഴിക്കുന്നത് ജലത്തിലെ 'ബയോമെഡിക്കൽ ഓക്സിജൻ ഡിമാൻഡ്' വർധിപ്പിക്കും. ഇത് വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുകയും മത്സ്യങ്ങൾ ഉൾപ്പെടെയുള്ള ജീവജാലങ്ങൾ ചത്തുപൊങ്ങാൻ കാരണമാവുകയും ചെയ്യും.
A video showing nearly 11,000 litres of milk being poured into the Narmada River in Madhya Pradesh has gone viral, sparking a debate over faith, environment and public welfare.
— The Siasat Daily (@TheSiasatDaily) April 9, 2026
The ritual took place during a 21-day religious event at a temple in Sehore district during Chaitra… pic.twitter.com/4rMDpceIvc
ദരിദ്രരായ ലക്ഷക്കണക്കിന് കുട്ടികൾക്ക് വിശപ്പടക്കാൻ നൽകാമായിരുന്ന പാൽ പുഴയിലൊഴുക്കി പാഴാക്കിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാണ്. നർമദയെ അമ്മയെന്ന് വിളിക്കുകയും അതേസമയം തന്നെ മലിനമാക്കി ശ്വാസം മുട്ടിക്കുകയും ചെയ്യുന്നത് വിരോധാഭാസമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. നദി രാജ്യത്തെ എല്ലാ പൗരന്മാരുടേതുമാണെന്നും അത് മലിനമാക്കാൻ ആർക്കും അവകാശമില്ലെന്നും പ്രതിഷേധക്കാർ പറയുന്നു. സംഭവത്തിൽ അധികൃതർ കർശന നടപടിയെടുക്കണമെന്ന ആവശ്യവും ഉയർന്നു കഴിഞ്ഞു.
