ശ്രീലങ്കൻ സമുദ്രപരിധിയിൽ മീൻപിടിത്തം: 10 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ; ബോട്ട് കസ്റ്റഡിയിലെടുത്തു; ഈ വർഷം പിടിയിലായവരുടെ എണ്ണം 112

Update: 2026-04-10 04:17 GMT

കൊളംബോ: ശ്രീലങ്കൻ സമുദ്രപരിധിയിൽ കടന്നുകയറി മീൻപിടിച്ച പത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ കടത്തുബോട്ടും നാവികസേന പിടിച്ചെടുത്തു. ബുധനാഴ്ച മന്നാർ ഉൾക്കടലിന് വടക്കുഭാഗത്തുള്ള സമുദ്രമേഖലയിലാണ് സംഭവം. ഇതുസംബന്ധിച്ച ഔദ്യോഗിക പത്രക്കുറിപ്പ് വ്യാഴാഴ്ചയാണ് നാവികസേന പുറത്തുവിട്ടത്.

അതിർത്തി ലംഘിച്ചുള്ള മീൻപിടിത്തവുമായി ബന്ധപ്പെട്ട് ഈ വർഷം ഇതുവരെ 112 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ അധികൃതർ പിടികൂടിയത്. ആകെ 16 ബോട്ടുകളും കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച 30 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ അധികൃതർ തിരിച്ചയച്ചിരുന്നു.

ഇന്ത്യ-ശ്രീലങ്ക ബന്ധത്തിൽ വലിയ വിള്ളലുകൾ വീഴ്ത്തുന്ന വിഷയമായി മത്സ്യത്തൊഴിലാളി പ്രശ്നം തുടരുകയാണ്. തമിഴ്‌നാടിനെയും ശ്രീലങ്കയെയും വേർതിരിക്കുന്ന പാക് കടലിടുക്ക് ഇരുരാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികളുടെ പ്രധാന ഉപജീവനമാർഗ്ഗമാണ്. എന്നാൽ, സമുദ്ര അതിർത്തി ലംഘിച്ചെന്നാരോപിച്ച് പാക് കടലിടുക്കിൽ വെച്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിവെക്കുന്നതും ബോട്ടുകൾ പിടിച്ചെടുക്കുന്നതും പതിവാകുകയാണ്. 

Tags:    

Similar News