ആറാം ക്ലാസ് മുതല്‍ മൂന്നാം ഭാഷ നിര്‍ബന്ധം; സ്‌കൂളുകള്‍ക്ക് ഏഴ് ദിവസത്തെ സമയപരിധി നല്‍കി സി.ബി.എസ്.ഇ
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ സ്‌കൂളുകളില്‍ ആറാം ക്ലാസ് മുതല്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കുന്ന പരിഷ്‌കാരം നടപ്പിലാക്കാന്‍ സ്‌കൂളുകള്‍ക്ക് ഏഴ് ദിവസത്തെ കര്‍ശന സമയപരിധി അനുവദിച്ച് ബോര്‍ഡ്. 2026-27 അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ഭാഷാ നയത്തിന്റെ ഭാഗമായാണ് നടപടി. ഇതുവരെ മാറ്റങ്ങള്‍ നടപ്പിലാക്കി തുടങ്ങാത്ത സ്‌കൂളുകള്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ഇക്കാര്യം റീജിയണല്‍ ഓഫീസുകളെ അറിയിക്കണമെന്നും പുതിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
മൂന്നാം ഭാഷാ പഠനത്തിനായുള്ള ഔദ്യോഗിക പാഠപുസ്തകങ്ങള്‍ ബോര്‍ഡ് ഇതുവരെ ലഭ്യമാക്കിയിട്ടില്ല. എങ്കിലും പാഠപുസ്തകങ്ങള്‍ക്കായി കാത്തുനില്‍ക്കാതെ പ്രാദേശികമായി ലഭ്യമായ പുസ്തകങ്ങളോ മറ്റ് പഠനസാമഗ്രികളോ ഉപയോഗിച്ച് ക്ലാസുകള്‍ ഉടന്‍ ആരംഭിക്കാനാണ് നിര്‍ദ്ദേശം. ഏത് ഭാഷയാണ് സ്‌കൂളുകള്‍ തിരഞ്ഞെടുക്കുന്നതെന്ന് നിശ്ചിത സമയത്തിനകം ഒയാസിസ് പോര്‍ട്ടല്‍ വഴി അപ്‌ഡേറ്റ് ചെയ്യണം. ആറാം ക്ലാസില്‍ തിരഞ്ഞെടുക്കുന്ന ഈ ഭാഷ തന്നെയാകും പിന്നീട് ഒന്‍പത്, പത്ത് ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടി വരിക.
പുതിയ രീതി പ്രകാരം പത്താം ക്ലാസ് വരെ വിദ്യാര്‍ഥികള്‍ മൂന്ന് ഭാഷകള്‍ പഠിക്കണം. ഒന്നാം ഭാഷ അഡ്വാന്‍സ്ഡ് ലെവലിലും രണ്ടാം ഭാഷ ഇന്റര്‍മീഡിയറ്റ് തലത്തിലും മൂന്നാം ഭാഷ അടിസ്ഥാന തലത്തിലുമായിരിക്കും ക്രമീകരിച്ചിരിക്കുന്നത്. 2026-27 വര്‍ഷം ഒന്‍പതാം ക്ലാസിലെത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഈ മാറ്റം ബാധകമാകും. മൈഥിലി, സന്താളി, ഡോഗ്രി, കൊങ്കണി തുടങ്ങിയ പ്രാദേശിക ഭാഷകളും ഇത്തവണ മുതല്‍ തിരഞ്ഞെടുക്കാവുന്നവയുടെ പട്ടികയിലുണ്ട്. നിലവിലെ ഭാഷാ നയം പ്രകാരമുള്ള അവസാന പരീക്ഷ 2027ല്‍ നടക്കും. പുതിയ രീതിയിലുള്ള ആദ്യ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ 2031ലായിരിക്കും നടക്കുകയെന്നും സി.ബി.എസ്.ഇ അറിയിച്ചു.