താഴെ വീണ ഡാൻസുകാരിയെ എഴുന്നേൽപ്പിക്കാൻ ശ്രമം നടത്തുന്നു; കാര്യം കൈവിട്ടതും ദേഷ്യം അടക്കാൻ പറ്റാതെ ആ ഗായകൻ ചെയ്തത്; അന്തം വിട്ട് കണ്ടുനിന്നവർ; വേദിയിൽ നാടകീയ രംഗങ്ങൾ
പട്ന: സ്റ്റേജ് ഷോയ്ക്കിടെ വനിതാ നർത്തകിയെ കാണികൾക്കിടയിലേക്ക് വലിച്ചെറിഞ്ഞ ഭോജ്പുരി ഗായകൻ പ്രമോദ് പ്രേമി യാദവിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം. ബിഹാറിൽ നടന്ന ഒരു സംഗീത പരിപാടിക്കിടെയായിരുന്നു മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം.
സ്റ്റേജിൽ ഗായകനൊപ്പം നൃത്തം ചെയ്യുകയായിരുന്നു യുവതി. പാട്ടിനിടെ ആവേശം മൂത്ത ഗായകൻ പെട്ടെന്ന് നർത്തകിയുടെ കൈകളിൽ പിടിക്കുകയും ബലം പ്രയോഗിച്ച് സ്റ്റേജിന് മുന്നിലിരുന്ന കാണികൾക്കിടയിലേക്ക് വലിച്ചെറിയുകയുമായിരുന്നു. അപ്രതീക്ഷിതമായ ഈ നീക്കത്തിൽ യുവതി നിലതെറ്റി കാണികൾക്ക് മേൽ വീണു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
സ്ത്രീകളോടുള്ള ഗായകന്റെ മനോഭാവത്തെയും പെരുമാറ്റത്തെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി. ഇതൊരു കലാകാരന് ചേർന്ന പ്രവൃത്തിയല്ലെന്നും നർത്തകിയുടെ സുരക്ഷയെക്കുറിച്ച് ഒട്ടും ചിന്തിക്കാതെയാണ് ഇയാൾ പെരുമാറിയതെന്നും ആളുകൾ ചൂണ്ടിക്കാട്ടി. യാതൊരു പ്രകോപനവുമില്ലാതെയാണ് ഗായകൻ ഇങ്ങനെ ചെയ്തതെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്.
നർത്തകിക്ക് ഗുരുതരമായ പരിക്കുകൾ സംഭവിക്കാൻ സാധ്യതയുള്ള പ്രവൃത്തിയായിരുന്നു ഇത്.ഒരു സഹപ്രവർത്തകയോട് പുലർത്തേണ്ട യാതൊരു ബഹുമാനവും ഗായകൻ കാണിച്ചില്ലെന്ന് ആരാധകർ വിമർശിക്കുന്നു. ഇത്തരം മോശം പ്രവണതകൾ കാണിക്കുന്ന കലാകാരന്മാർക്കെതിരെ നിയമനടപടി വേണമെന്ന ആവശ്യവും ശക്തമാണ്.
ഭോജ്പുരി സിനിമാ-സംഗീത മേഖലയിൽ ഇത്തരം വിവാദങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും, ഒരു കലാകാരിയെ ഇത്തരത്തിൽ പരസ്യമായി അപമാനിച്ചതും അപകടത്തിലാക്കിയതും വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സംഭവത്തിൽ ഗായകൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.