വരന്‍ എയ്ഡ്‌സ് ബാധിതനാണെന്ന് അറിഞ്ഞ് വിവാഹത്തില്‍ നിന്ന് പിന്മാറി; യുവതിയുടെ ശരീരത്തില്‍ എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്

യുവതിയുടെ ശരീരത്തില്‍ എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്

Update: 2026-03-15 10:30 GMT

ഹൈദരാബാദ്: വിവാഹത്തില്‍ നിന്ന് പിന്മാറിയതിന് യുവതിയുടെ ശരീരത്തില്‍ എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവിന്റെ പ്രതികാരം. മാര്‍ച്ച് 11 നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. യുവാവിന് എച്ച്ഐവി പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് യുവതിയുടെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറിയത്.

ഇതിനു പ്രതികാരമായി 22 വയസുള്ള യുവതിയുടെ ശരീരത്തില്‍ പ്രതി എച്ച്ഐവി ബാധിത രക്തം കുത്തിവെക്കുകയായിരുന്നു. സ്വന്തം രക്തമാണ് ഇയാള്‍ സിറിഞ്ച് ഉപയോഗിച്ച് യുവതിയുടെ ശരീരത്തില്‍ കുത്തിവെച്ചത്. സംഭവത്തില്‍ 24 വയസുള്ള യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ വൈദ്യ പരിശോധനകള്‍ തുടരുകയാണ്.

യുവതിയും പ്രതിയും ബന്ധുക്കളാണെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മിലുള്ള വിവാഹത്തെ കുറിച്ച് ഇരു വീട്ടുകാരും തമ്മില്‍ സംസാരിച്ചിരുന്നു. യുവാവിന്റെ മാതാപിതാക്കളും എച്ച്ഐവി ബാധിരാണ്. അതിനാല്‍ വിവാഹത്തിനു മുമ്പ് യുവാവിന്റെ വൈദ്യപരിശോധന നടത്തണമെന്ന് യുവതിയുടെ വീട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് എച്ച്ഐവി പരിശോധന നടന്നത്. പരിശോധനയില്‍ യുവാവിന് എച്ച്ഐവി പോസിറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. ഇതില്‍ പ്രകോപിതനായ യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി നിര്‍ബന്ധിച്ച് രക്തം കുത്തിവെക്കുകയായിരുന്നു.

എച്ച്ഐവി ബാധിതയായാല്‍ യുവതി തന്നെ വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കുമെന്ന് കരുതിയാണ് യുവാവിന്റെ അവിവേകമെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ പിതാവിന്റെ പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Tags:    

Similar News