ഇറാനില്‍ നിന്ന് അകന്നു നില്‍ക്കുന്നതിനേക്കാള്‍ അവരുമായി ചര്‍ച്ചകള്‍ നടത്തി ഒരു പരിഹാരം കണ്ടെത്തുന്നതിനാണ് ഇന്ത്യയുടെ താല്‍പ്പര്യം; ശിവാലിക്-നന്ദാദേവി കപ്പലുകള്‍ സുരക്ഷിതം; ഹെര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി മറികടക്കാന്‍ ഇറാനുമായി നേരിട്ട് ചര്‍ച്ചയെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

Update: 2026-03-16 07:33 GMT

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ ഇറാനുമായി നേരിട്ടുള്ള ചര്‍ച്ചകളാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ആഗോള എണ്ണ വ്യാപാരത്തിന്റെ 20 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന നിര്‍ണ്ണായകമായ ഹെര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനരാരംഭിക്കുന്നതിനായി ഇന്ത്യ ഇറാനുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 'ഫിനാന്‍ഷ്യല്‍ ടൈംസിന്' നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇറാനില്‍ നിന്ന് അകന്നുനില്‍ക്കുന്നതിനേക്കാള്‍ അവരുമായി ചര്‍ച്ചകള്‍ നടത്തി ഒരു പരിഹാരത്തിലെത്തുന്നതാണ് ഇന്ത്യയുടെ താല്‍പ്പര്യമെന്ന് ജയശങ്കര്‍ പറഞ്ഞു. ഈ നയതന്ത്ര നീക്കങ്ങള്‍ ഫലം കണ്ടുതുടങ്ങിയതായും അദ്ദേഹം സൂചിപ്പിച്ചു. ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് വഹിച്ചുകൊണ്ട് മുന്ദ്ര, കണ്ട്‌ല തുറമുഖങ്ങളിലേക്ക് വരികയായിരുന്ന 'ശിവാലിക്', 'നന്ദാദേവി' എന്നീ രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷിത പാത ഉറപ്പാക്കാന്‍ സാധിച്ചത് ഈ ചര്‍ച്ചകളുടെ വിജയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 92,712 മെട്രിക് ടണ്‍ എല്‍പിജിയാണ് ഈ കപ്പലുകളിലുള്ളത്.

എന്നാല്‍, എല്ലാ ഇന്ത്യന്‍ കപ്പലുകള്‍ക്കും ഒറ്റയടിക്ക് യാത്രാ അനുമതി നല്‍കുന്ന ഒരു 'ബ്ലാങ്കറ്റ് അറേഞ്ച്മെന്റ്' നിലവില്‍ ഇല്ലെന്നും ഓരോ കപ്പലിന്റെയും കാര്യം പ്രത്യേകം പരിശോധിച്ചാണ് ഇപ്പോള്‍ അനുമതി ലഭ്യമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ഖാര്‍ഗ് ദ്വീപിന് നേരെ വീണ്ടും ആക്രമണം ഉണ്ടായേക്കാമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ജയശങ്കറുടെ ഈ പ്രതികരണം.

Similar News