അന്യമതസ്ഥനെ വിവാഹം കഴിച്ചതിന്റെ പക; ഗര്‍ഭിണിയായ സഹോദരിയെയെ കോടാലി ഉപയോഗിച്ച് ആക്രമിച്ച് യുവാവ്

Update: 2026-02-20 17:04 GMT

ബംഗളൂരു: അന്യമതസ്ഥനെ വിവാഹം കഴിച്ചതിന്റെ പകയില്‍ നാല് മാസം ഗര്‍ഭിണിയായ യുവതിയെ സഹോദരന്‍ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമം. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലാണ് കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ച യുവതിയെ ഒരു വിവാഹചടങ്ങില്‍ വെച്ച് സഹോദരന്‍ ആക്രമിച്ചത്.

ആക്രമണത്തിന് ഇരയായ മീനാക്ഷി എന്ന യുവതിയും ഭര്‍ത്താവ് ഉദയ് കുമാറും ഒരു ബന്ധുവിന്റെ സമൂഹ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സംഭവം. മീനാക്ഷി, കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് ഒരു വര്‍ഷം മുന്നെ ഉദയ് കുമാറിനെ വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് ബംഗളൂരുവില്‍ താമസമാക്കുകയായിരുന്നു.

പ്രതിയും സഹോദരനുമായ മഞ്ജുനാഥ് (35) തന്റെ സഹോദരി കൊപ്പലിലെ വിവാഹ വേദിയില്‍ വന്നിട്ടുണ്ടെന്ന് മനസ്സിലാക്കുകയും കോടാലിയുമായി എത്തി പൊതുജനങ്ങളുടെ മുന്നില്‍ വെച്ച് ആക്രമിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്ന ആളുകള്‍ ഇടപെട്ട് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.

യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയതായും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും കൊപ്പല്‍ പോലീസ് സൂപ്രണ്ട് രാം അരസിദ്ദി പറഞ്ഞു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൊലപാതക ശ്രമത്തിന് കേസെടുക്കുകയും ചെയ്തതായും പൊലീസ് അറിയിച്ചു.

Similar News