മൂന്ന് മാസത്തെ സന്ദർശന വിസയിൽ ഇന്ത്യയിലെത്തി; 25കാരിയുമായി ചേർന്ന് മയക്കുമരുന്ന് വിൽപ്പന; നൈജീരിയൻ സ്വദേശിയും സുഹൃത്തും പിടിയിൽ
ബെംഗളൂരു: ബെംഗളൂരുവിൽ 1 കോടിയിലധികം വില വരുന്ന മാരക മയക്കുമരുന്നുമായി വിദേശിയടക്കം രണ്ട് പേർ പിടിയിൽ. 41 വയസുള്ള നൈജീരിയൻ സ്വദേശിക്കൊപ്പം സുഹൃത്തായ 25കാരിയുമാണ് പരിശോധനയിൽ പോലീസ് പിടിയിലായത്. തിങ്കളാഴ്ചയാണ് നൈജീരിയൻ സ്വദേശിയായ മൈക്കേൽ ഡൈക്ക് ഓകലിയും സുഹൃത്തായ സഹനയും അറസ്റ്റിലായത്. മാസങ്ങൾക്ക് മുൻപ് നടന്ന ലഹരി വേട്ടയിൽ പിടിയിലായ പ്രതികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിഗീര്യം സ്വദേശിയുടെ വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവരെ ക്രൈം ബ്രാഞ്ച് പിടികൂടിയത്.
ഇവരുടെ കയ്യിൽ നിന്ന് 1.5 കിലോഗ്രാം എംഡിഎംഎ ക്രിസ്റ്റലുകളും ഇത് തൂക്കി നൽകാനുള്ള ഇലക്ട്രോണിക് ഭാര മെഷീനും മൂന്ന് മൊബൈൽ ഫോണും എന്നിവ പോലീസ് പിടിച്ചെടുത്തതായി സെൻട്രൽ ക്രൈംബ്രാഞ്ച് അറിയിച്ചു.
ബെംഗളൂരുവിലെ യാരപ്പനഹള്ളിയിലെ വാടക വീട്ടിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. 2018ൽ മൂന്ന് മാസത്തെ സന്ദർശന വിസയിലാണ് മൈക്കേൽ ഡൈക്ക് ഓകലി ഇന്ത്യയിലെത്തിയത്. ഇതിന് പിന്നാലെ ഇയാൾ മതിയായ രേഖകളില്ലാതെ ബെംഗളൂരുവിൽ അനധികൃതമായി കഴിയുകയായിരുന്നു. ഈക്കാലയളവിൽ ലഹരി വില്പനയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടത്തി വരികയായിരുന്നു.
കെ ആർ പുരത്ത് മൈക്കേൽ എടുത്ത വാടക വീടിനു സമീപത്തായിരുന്നു സഹന താമസിച്ചിരുന്നത്. ശേഷം സഹനയുമായി ഇയാൾ ചങ്ങാത്തത്തിലാവുകയായിരുന്നു. തുടർന്ന് സഹനക്ക് കാശ് നൽകി ഇയാൾ മയക്കുമരുന്ന് കടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
അടുത്തിടെയാണ് ഇവർ രണ്ട് പേരും യാരപ്പനഹള്ളിയിലെ ബാലാജി ലേ ഔട്ടിലേക്ക് താമസം മാറുന്നത്. ഇവിടെ നിന്ന് ബെംഗളൂരുവിലെ പല മേഖലകളിലേക്കും ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിക്കുകയായിരുന്നു ഇവർ ചെയ്തിരുന്നത്. പ്രതി മൈക്കിളിനെ കുറിച്ച് മാത്രമായിരുന്നു പോലീസിന് വിവരം ലഭിച്ചിരുന്നത്, എന്നാൽ പരിശോധനക്കെത്തിയപ്പോളായിരുന്നു സുഹൃത്ത് സഹനയെ കണ്ടത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലായിരുന്നു മയക്കുമരുന്നുകൾ കടത്തുന്നതിനായി സഹനയുടെ സഹായവും ഉണ്ടായിരുന്നെന്ന് തെളിഞ്ഞത്.
2018ൽ എൻഡിപിഎസ് നിയമം അനുസരിച്ച് 41 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.