ക്ലാസില്‍ വിദ്യാര്‍ഥിയെ ശാസിക്കുന്നതിനിടെ തെറിവിളിച്ചു; അധ്യാപകന്റെ നെഞ്ചില്‍ ഇടിച്ച് വിദ്യാര്‍ത്ഥി
അമരാവതി: ആന്ധ്രാപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനെ മര്‍ദ്ദിക്കുന്ന വിദ്യാര്‍ഥിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഒരു അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള തര്‍ക്കത്തിനിടെ പെട്ടെന്ന് വിദ്യാര്‍ത്ഥി അധ്യാപകന്റെ നെഞ്ചില്‍ ഇടിക്കുകയും അദ്ദേഹം മുന്നോട്ട് വളയുന്നതും വീഡിയോയില്‍ കാണാം. ആന്ധ്രാപ്രദേശിലെ എന്‍ടിആര്‍ ജില്ലയിലെ വീരവള്ളി ഗ്രാമത്തിലെ ജില്ലാ പരിഷത്ത് ഹൈസ്‌കൂളിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബാപ്പുലപാഡു മണ്ഡലത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും ഒരു അധ്യാപകനും തമ്മിലുള്ള ചെറിയ തര്‍ക്കം പെട്ടെന്നാണ് രൂക്ഷമായത്. വിദ്യാര്‍ത്ഥിയെ ശാസിക്കുന്നതിനിടെ അധ്യാപകന്‍ തെറിവിളിച്ചെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥി അധ്യാപകനെ മര്‍ദ്ദിച്ചുവെന്ന് പറയപ്പെടുന്നു. സംഭവ സമയം ക്ലാസ് മുറിയിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മുന്നില്‍ വെച്ച് വിദ്യാര്‍ത്ഥി അധ്യാപകന്റെ ഇടിക്കുന്നത് കാണാം. പിന്നാലെ അധ്യാപകന്‍ വേദന കൊണ്ട് മുന്നോട്ട് കുനിയുന്നു. ഇതോടെ മറ്റ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഇടപെട്ട് ഇരുവരെയും ഇരുവരെയും അവിടെ നിന്നും മാറ്റുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ വൈറലായതിന് പിന്നാലെ ക്ലാസ് മുറികളിലെ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റത്തില്‍ നിരവധി പേര്‍ ആശങ്ക രേഖപ്പെടുത്തി. കുട്ടികള്‍ ധാര്‍മ്മിക മൂല്യങ്ങള്‍ പഠിക്കേണ്ടത് ക്ലാസ് മുറികളില്‍ നിന്നല്ലെന്നും അത് വീടുകളില്‍ നിന്നും ശീലിക്കേണ്ടതാണെന്നും ചിലരെഴുതി. അധ്യാപകരെ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കുകയെന്നാല്‍ സാമൂഹികമായും സാംസ്‌കാരികമായും നമ്മള്‍ അത്രയേറെ അധഃപതിച്ചെന്നതിന് തെളിവാണെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ പരാജയമാണെന്നായിരുന്നു മറ്റൊരു കുറിപ്പ്. വിദ്യാര്‍ത്ഥിക്കെതിരെ നിയമ നടപടി വേണമെന്ന് മറ്റ് ചിലര്‍ ആവശ്യപ്പെട്ടു. അതേസമയം അധ്യാപകന് വിദ്യാര്‍ത്ഥികളെ ശാസിക്കാമെന്നല്ലാതെ തെളിവിളിക്കാന്‍ അവകാശമില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്കും ആത്മാഭിമാനമുണ്ടെന്നും മറ്റ് ചിലരും ചൂണ്ടിക്കാണിച്ചു. സംഭവത്തെ കുറിച്ച് വിദ്യാഭ്യാസ അധികൃതര്‍ അന്വേഷിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
