ചണ്ഡീഗഢിൽ ഇനി പെട്രോൾ പമ്പിലും മദ്യം; പുതിയ മദ്യനയത്തിന് അംഗീകാരം; ബാറുകളിൽ ആൽക്കോമീറ്റർ വരുന്നു; മദ്യവില വർധിക്കും; ഡിജിറ്റൽ പേയ്‌മെന്റും നിർബന്ധമാക്കി സർക്കാർ

Update: 2026-03-27 11:47 GMT

ചണ്ഡീഗഢ്: കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിൽ മദ്യവിൽപ്പന ശൃംഖല വിപുലീകരിക്കുന്ന പുതിയ മദ്യനയത്തിന് സർക്കാർ അംഗീകാരം നൽകി. ഇനിമുതൽ പെട്രോൾ പമ്പുകൾ, ഷോപ്പിങ് മാളുകൾ, ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറുകൾ എന്നിവിടങ്ങളിലും മദ്യം ലഭ്യമാകും. ഇതിനായി പ്രത്യേക ലൈസൻസ് നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മദ്യവിൽപ്പനയിൽ സുതാര്യത ഉറപ്പാക്കാൻ എല്ലാ ഔട്ട്‌ലെറ്റുകളിലും ഡിജിറ്റൽ പേയ്‌മെന്റ് നിർബന്ധമാക്കി.

പുതിയ നയപ്രകാരം വലിയ ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറുകൾക്ക് വിദേശമദ്യം, ബിയർ, വൈൻ എന്നിവ വിൽക്കാൻ അനുമതിയുണ്ടാകും. ഉത്തരവാദിത്തമുള്ള മദ്യപാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹോട്ടലുകൾ, ബാറുകൾ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിൽ 'ആൽക്കോമീറ്ററുകൾ' സ്ഥാപിക്കാനും നിർദ്ദേശമുണ്ട്. മദ്യപിച്ചവർക്ക് സ്വന്തം ശരീരത്തിലെ മദ്യത്തിന്റെ അളവ് സ്വയം പരിശോധിക്കാൻ ഇതിലൂടെ സാധിക്കും.

പുതിയ നയത്തിന്റെ ഭാഗമായി ഇന്ത്യൻ നിർമിത വിദേശമദ്യം (IMFL), ബിയർ, വൈൻ എന്നിവയ്ക്ക് രണ്ട് ശതമാനം വില വർധിപ്പിച്ചു. എന്നാൽ വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന മദ്യത്തിന്റെ വിലയിൽ മാറ്റമുണ്ടാകില്ല. നഗരത്തിൽ ആകെ 97 റീട്ടെയിൽ മദ്യശാലകൾക്കാണ് പുതിയ നയപ്രകാരം അനുമതി നൽകിയിരിക്കുന്നത്. ഇവയുടെ അടിസ്ഥാന വില ഏകദേശം 454.35 കോടി രൂപയായി നിശ്ചയിച്ചു. ലേലത്തുകയുടെ 17 ശതമാനം സെക്യൂരിറ്റി തുകയായി മുൻകൂട്ടി അടയ്ക്കണം. കൂടാതെ, എല്ലാ മാസവും 15-ാം തീയതിക്കുള്ളിൽ ലൈസൻസ് ഫീ അടയ്ക്കണമെന്ന കർശന വ്യവസ്ഥയും പുതിയ മദ്യനയത്തിന്റെ ഭാഗമാണ്.

Tags:    

Similar News