യൂണിഫോം ധരിച്ച് വരിയായി പ്രാർത്ഥനയോടെ നിൽക്കുന്ന കുരുന്നുകൾ; അതിനിടയിൽ കണ്ണടച്ച് നിന്ന ചെറുക്കന്റെ കുസൃതി; ചിരി പടർത്തി ചിത്രങ്ങൾ

Update: 2026-03-27 08:36 GMT

ഡൽഹി: ഒരു സ്കൂൾ അസംബ്ലിയിൽ പ്രാർത്ഥനയ്ക്കിടെ രഹസ്യമായി മിഠായി കഴിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി. മറ്റാരും കാണുന്നില്ലെന്ന് കരുതി കണ്ണടച്ച് മിഠായി ആസ്വദിക്കുന്ന കുട്ടിയുടെ നിഷ്കളങ്കമായ കുസൃതി നെറ്റിസൺസിനിടയിൽ ചിരി പടർത്തുകയും ശ്രദ്ധ നേടുകയും ചെയ്തു.

യൂണിഫോം ധരിച്ച് മറ്റ് വിദ്യാർത്ഥികൾക്കൊപ്പം വരിയായി നിന്ന് കണ്ണുകൾ ഇറുക്കിയടച്ചാണ് ഈ കുട്ടി പ്രാർത്ഥനയിൽ പങ്കുചേർന്നത്. എന്നാൽ, പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്നതായി തോന്നുമെങ്കിലും കുട്ടിയുടെ ശ്രദ്ധ മുഴുവൻ കൈയിലുള്ള മിഠായിയിലായിരുന്നു. ഇടയ്ക്കിടെ ചുറ്റുപാടും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മിഠായി കഴിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. മിഠായി മുഴുവൻ കഴിച്ച ശേഷം അതിന്റെ സ്റ്റിക്ക് ആരുടെയും ശ്രദ്ധയിൽപ്പെടാതെ പോക്കറ്റിൽ ഒളിപ്പിക്കുന്നതും വീഡിയോയിലുണ്ട്.

ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും നിരവധി പേർ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തു. "അവൻ കണ്ണടച്ചാൽ നമ്മൾ അവനെ കാണില്ലെന്നാണ് അവന്റെ വിചാരം, എന്തൊരു നിഷ്കളങ്കത" എന്ന് ഒരാൾ കുറിച്ചു. "മിഠായി കഴിച്ച് കഴിഞ്ഞ ശേഷം അതിന്റെ സ്റ്റിക്ക് പോക്കറ്റിൽ തന്നെ ഇട്ടല്ലോ, ആ അച്ചടക്കം സമ്മതിക്കണം" എന്നായിരുന്നു മറ്റൊരു പ്രതികരണം.

വീഡിയോയുടെ രസം അവിടെയും അവസാനിക്കുന്നില്ല. ഈ കുട്ടിയുടെ തൊട്ടുപിന്നിൽ നിൽക്കുന്ന മറ്റൊരു കുട്ടി അഴിഞ്ഞുപോയ ബെൽറ്റ് ശരിയാക്കാൻ പാടുപെടുന്നതും ദൃശ്യങ്ങളിൽ കാണാം. കുട്ടികളുടെ നിഷ്കളങ്കമായ ഈ ദൃശ്യങ്ങൾ കാഴ്ചക്കാരിൽ കൗതുകമുണർത്തുകയും ഓൺലൈൻ ലോകത്ത് വേഗത്തിൽ പ്രചരിക്കുകയും ചെയ്തു.

Tags:    

Similar News