ഔദ്യോഗിക വസതിയിലെ കിടപ്പുമുറിയില്‍ ട്രാന്‍സ് സ്ത്രീയോടൊപ്പം; എന്‍സിപി മന്ത്രിയുടെ വീഡിയോ പുറത്തുവന്നതോടെ വിമര്‍ശനം; രാജി ആവശ്യപ്പെട്ട് മഹാ വികാസ് അഘാഡി

Update: 2026-03-27 16:14 GMT

മുംബൈ: ഔദ്യോഗിക വസതിയില്‍ ട്രാന്‍സ് സ്ത്രീയോടൊപ്പമുള്ള മന്ത്രിയുടെ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ വിവാദം. സംസ്ഥാന ഭക്ഷ്യ-മരുന്ന് ഭരണ-സ്‌പെഷ്യല്‍ അസിസ്റ്റന്‍സ് മന്ത്രിയും എന്‍സിപി നേതാവുമായ നര്‍ഹരി സിര്‍വാളിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിച്ചത്. മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷമായ മഹാ വികാസ് അഘാഡി ആവശ്യപ്പെട്ടു.

രണ്ട് മാസത്തിനിടെ സിര്‍വാളുമായി ബന്ധപ്പെട്ട രണ്ടാമത്തെ വിവാദമാണ് ഉണ്ടാകുന്നത്. 35,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഒരു എഫ്ഡിഎ ക്ലാര്‍ക്ക് അഴിമതി വിരുദ്ധ ബ്യൂറോയുടെ പിടിയിലായതായിരുന്നു ആദ്യ സംഭവം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും എന്‍സിപി പ്രസിഡന്റ് കൂടിയായ ഉപമുഖ്യമന്ത്രി സുനേത്ര പവാറിനും മന്ത്രി വിശദീകരണം നല്‍കിയിരുന്നു.

നാസിക് ജില്ലയിലെ ദിന്‍ഡോരിയില്‍ നിന്ന് നാല് തവണ എംഎല്‍എയും മഹാരാഷ്ട്ര നിയമസഭയുടെ മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ സിര്‍വാള്‍ (66), അന്തരിച്ച ഉപമുഖ്യമന്ത്രിയും എന്‍സിപി പ്രസിഡന്റുമായ അജിത് പവാറിന്റെ അടുത്തയാളായിരുന്നു. നര്‍ഹരി സിര്‍വാളും ഒരു ട്രാന്‍സ്വുമണും ഉള്‍പ്പെട്ട വൈറല്‍ വീഡിയോയുടെ ആധികാരികത അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഫഡ്‌നവിസ് പറഞ്ഞു. വീഡിയോ, മൂന്നോ നാലോ വ്യത്യസ്ത ക്ലിപ്പുകള്‍ ഒരുമിച്ച് ചേര്‍ത്താണ് നിര്‍മ്മിച്ചതെന്ന് സിര്‍വാള്‍ മുഖ്യമന്ത്രിയോട് പറഞ്ഞതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഉടന്‍ തന്നെ പരാതി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. രാജി സംബന്ധിച്ച തീരുമാനം അദ്ദേഹത്തിന്റെ പാര്‍ട്ടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar News