രണ്ട് വിദ്യാര്‍ത്ഥികളെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തേക്ക് കടത്താന്‍ ശ്രമം; ഫോണില്‍ പാക്ക് ഭീകരന്മാരുടെ സന്ദേശങ്ങള്‍; എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മുംബൈയില്‍ അറസ്റ്റില്‍

Update: 2026-03-06 11:26 GMT

മുംബൈ: ജെയ്‌ഷെ ഭീകരന്മാരുമായി ബന്ധം പുലര്‍ത്തിയിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മുംബൈയില്‍ പിടിയില്‍. അയാന്‍ ഷെയ്ഖ് എന്ന 21 കാരനെയാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തത്. അയാന്‍ ഷെയ്ഖ് ജെയ്‌ഷെ മുഹമ്മദിന്റെ സ്ലീപ്പര്‍ സെല്‍ അംഗമെന്നാണ് വിവരം.

വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ ഭീകരവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ്. രണ്ട് വിദ്യാര്‍ത്ഥികളെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഭീകരന്‍ പിടിയിലാകുന്നത്. അന്വേഷണത്തിന്റെ ഭാഗമായി എടിഎസ് രണ്ട് വിദ്യാര്‍ത്ഥികളുടെയും മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ആറ് മാസമായി മുംബൈയിലാണ് അയാന്‍ ഷെയ്ഖ് താമസിക്കുന്നത്. പാകിസ്ഥാനിലും സൗദി അറേബ്യയിലും ആസ്ഥാനമായുള്ള ഹാന്‍ഡ്ലര്‍മാരില്‍ നിന്ന് ഷെയ്ഖിന് സാമ്പത്തിക സഹായം ലഭിച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ക്രിപ്റ്റോ കറന്‍സി ചാനലുകള്‍ വഴിയാണ് ഫണ്ടുകള്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഭീകരന്റെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക രേഖകളും എടിഎസ് പരിശോധിച്ചുവരികയാണ്.

ഷെയ്ഖിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് അസ്ഹര്‍ മസൂദ്, മുഹമ്മദ് ഹാഫിസ് എന്നിവരുള്‍പ്പെടെയുള്ള ജെയ്ഷെ മുഹമ്മദ് നേതാക്കളുടെ നിരവധി ഓഡിയോ, വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തതായി എടിഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Similar News