നിങ്ങളെ ലാളിക്കില്ല പക്ഷേ മിനുക്കിയെടുക്കും; കീശ കീറുന്ന വാടകയും ഏകാന്തതയും; എന്തിനും ഏതിനും ചിട്ട; സിംഗപ്പൂരുമായി പൊരുത്തപ്പെട്ടാൽ നിങ്ങൾ വേറെ ലെവലാകും; വൈറൽ വീഡിയോയുമായി ഇന്ത്യൻ യുവതി
സിംഗപ്പൂർ: പ്രവാസികളുടെ സ്വപ്നഭൂമിയായ സിംഗപ്പൂരിലെ ജീവിതം പുറമെ കാണുന്നതുപോലെ അത്ര 'ഗ്ലാമറസ്' ആണോ? സിംഗപ്പൂർ നഗരത്തിലെ ചിട്ടയായ ജീവിതത്തെയും പ്രവാസികൾ നേരിടുന്ന കടുത്ത വെല്ലുവിളികളെയും കുറിച്ച് ഇന്ത്യൻ യുവതി പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. നേഹ റാവത്ത് എന്ന യുവതിയാണ് സിംഗപ്പൂർ ജീവിതത്തിന്റെ പകിട്ടുകൾക്കപ്പുറമുള്ള യാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞത്.
സിംഗപ്പൂരിലെ ജീവിതം ഒരാളെ കൂടുതൽ ചിട്ടയുള്ളവനാക്കി മാറ്റുമെന്നാണ് നേഹയുടെ പക്ഷം. "ഇവിടുത്തെ റോഡുകൾക്ക് ഒരു പ്രത്യേക വൃത്തിയുണ്ട്, ഗതാഗതക്കുരുക്ക് എന്നത് കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണ്. എല്ലാം ഒരു നിശ്ചിത സംവിധാനത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ വൈകുക എന്നത് ഒരു കുറ്റകൃത്യമായി തോന്നും. മെട്രോ ട്രെയിനുകൾ വെറും രണ്ട് മിനിറ്റ് വൈകിയാൽ പോലും അത് ഇവിടുള്ളവരെ അത്ഭുതപ്പെടുത്തും," നേഹ വീഡിയോയിൽ വ്യക്തമാക്കുന്നു.
ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നായ സിംഗപ്പൂരിൽ പ്രവാസികൾക്ക് പിടിച്ചുനിൽക്കണമെങ്കിൽ കൃത്യമായ ആസൂത്രണം വേണമെന്നും നേഹ ഓർമ്മിപ്പിക്കുന്നു. താമസസൗകര്യത്തിനായി പ്രതിമാസം 3,000 മുതൽ 5,000 സിംഗപ്പൂർ ഡോളർ വരെ (ഏകദേശം 1.8 ലക്ഷം മുതൽ 3.1 ലക്ഷം ഇന്ത്യൻ രൂപ വരെ) നൽകേണ്ടി വരും. പലചരക്ക് സാധനങ്ങൾക്കും മറ്റും തീപിടിച്ച വിലയാണ്. അമിതമായ ചെലവ് കാരണം ഒരു സ്വന്തം കാർ എന്നത് പലർക്കും അപ്രാപ്യമായ കാര്യമാണ്. അതുകൊണ്ട് തന്നെ ഭൂരിഭാഗം പേരും പൊതുഗതാഗതത്തെയാണ് ആശ്രയിക്കുന്നത്.
ജോലി ചെയ്യുന്ന പങ്കാളിയോടൊപ്പം സിംഗപ്പൂരിലേക്ക് കുടിയേറുന്നവർക്ക് തുടക്കത്തിൽ സോഷ്യൽ മീഡിയയിൽ കാണുന്നതുപോലെ ജീവിതം വർണ്ണാഭമായി തോന്നാം. എന്നാൽ പുതിയൊരു ചുറ്റുപാടിൽ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയും ഏകാന്തതയും നേരിടേണ്ടി വരുമെന്ന് നേഹ തുറന്നുപറയുന്നു. സിംഗപ്പൂർ ജീവിതം നിങ്ങളുടെ ക്ഷമയെയും സാമ്പത്തിക ഭദ്രതയെയും മാനസികാവസ്ഥയെയും ഒരുപോലെ പരീക്ഷിക്കുമെന്നും അവർ കൂട്ടിച്ചേർക്കുന്നു.
"സിംഗപ്പൂർ കഠിനമാണ്, അത് നിങ്ങളെ ലാളനകൾ കൊണ്ട് മൂടില്ല. എന്നാൽ നിങ്ങളെ മിനുക്കിയെടുക്കും. ഇവിടുത്തെ സുരക്ഷയും പ്രൊഫഷണൽ അവസരങ്ങളും മികച്ചതാണ്. ഒരിക്കൽ നിങ്ങൾ ഈ നഗരവുമായി പൊരുത്തപ്പെട്ടുകഴിഞ്ഞാൽ, നിങ്ങളുടെ ജീവിതനിലവാരം മറ്റൊരു തലത്തിലേക്ക് ഉയരും," നേഹ വീഡിയോയുടെ അടിക്കുറിപ്പിൽ കുറിച്ചു. നേഹയുടെ അഭിപ്രായത്തെ പിന്തുണച്ച് നിരവധി പ്രവാസികളാണ് രംഗത്തെത്തിയിരിക്കുന്നത്.
