മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെ കുറ്റവിമുക്തനാക്കി; രാം ചന്ദര്‍ ഛത്രപതി വധക്കേസില്‍ സിബിഐ കോടതി വിധിച്ച ശിക്ഷ റദ്ദാക്കി പഞ്ചാബ്-ഹരിയാന ഹൈക്കോടതി

Update: 2026-03-07 07:56 GMT

ചണ്ഡീഗഡ്: മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി കുറ്റവിമുക്തനാക്കി. പത്രപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയുടെ കൊലപാതക കേസിലാണ് കോടതി ഗുര്‍മീതിനെ കുറ്റവിമുക്തനാക്കിയത്. ദേര തലവന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിന് ഏഴ് വര്‍ഷത്തിന് ശേഷമാണ് കോടതി കുറ്റവിമുക്തനാക്കിയത്. ജസ്റ്റിസ് ഷീല്‍ നാഗു, ജസ്റ്റിസ് വിക്രം അഗര്‍വാള്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

ജീവപര്യന്തം ശിക്ഷ ചോദ്യം ചെയ്ത് ഗുര്‍മീത് റാം റഹീം അപ്പീല്‍ നല്‍കിയിരുന്നു. 2002ല്‍ പോലീസ് സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ തന്റെ പേര് ഉണ്ടായിരുന്നില്ലെന്നും ഗുര്‍മീത് കോടതിയില്‍ വാദിച്ചു.തെളിവുകളുടെ അഭാവത്തില്‍ ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ജസ്റ്റിസ് വിക്രം അഗര്‍വാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഗുര്‍മീതിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍, കേസിലെ മറ്റ് രണ്ട് പ്രതികളായ കുല്‍ദീപ്, നിര്‍മല്‍, കൃഷ്ണന്‍ലാല്‍ എന്നിവരുടെ ജീവപര്യന്തം ശിക്ഷ കോടതി ശരിവച്ചു. 2019ല്‍ പഞ്ച്കുള സി.ബി.ഐ കോടതി ഗുര്‍മീതിനെയും മറ്റ് മൂന്ന് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശക്ഷിച്ചിരുന്നു. 50000 രുപ പിഴ അടക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ ഗുര്‍മീത് അപ്പീല്‍ നല്‍കുകയായിരുന്നു.

'പൂരാ സച്' എന്ന പേരില്‍ സിര്‍സയില്‍ പത്രം നടത്തിയിരുന്ന ഛത്രപതി, 2002 ഒക്ടോബറിലാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. സിര്‍സയിലെ ദേര ആസ്ഥാനത്ത് അനുയായികളായ വനിതകളെ ലൈംഗികമായി ചൂഷണം ചെയ്തതായി ആരോപിക്കുന്ന ഒരു അജ്ഞാത കത്ത് അദ്ദേഹത്തിന്റെ പത്രമായ 'പൂര സച്ച്' പ്രസിദ്ധീകരിച്ചതിനു പിന്നാലെയായിരുന്നു കൊലപാതകം.

ഗുര്‍മീതിനെതിരേയുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിനാല്‍ ഛത്രപതിയുടെ കൊലപാതകം വലിയ ശ്രദ്ധ നേടിയിരുന്നു. ദേരാ സച്ഛാ സൗദാ തലവന്‍ നടത്തുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ള കത്തുകളും ഈ റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്ന് അന്വേഷണം ഗൂര്‍മീതിലെത്തി. സിബിഐ നടത്തിയ അന്വേഷണത്തിലാണ് ഗുര്‍മീതിനെ പ്രതി ചേര്‍ത്തത്. 2019 ജനുവരിയില്‍ പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി ഗുര്‍മീതും മറ്റ് പ്രതികളും മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയതു.

അനുയായികളെ ബലാത്സംഗം ചെയ്ത കേസില്‍ ശിക്ഷ അനുഭവിക്കുകയാണ് ഗുര്‍മീത് ഇപ്പോള്‍. 2017ലാണ് കോടതി 20 വര്‍ഷത്തെ തടവ് ശിക്ഷ നല്‍കിയത്. ഈ കാലയളവില്‍ പതിനഞ്ചോളം തവണ പരോളിലിറങ്ങിയത് വിവാദമായിരുന്നു. പഞ്ചാബ്-ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടങ്ങളിലും ഗുര്‍മീത് റാം റഹീമിന് പരോളുകള്‍ അനുവദിച്ചിരുന്നു. 2022-ല്‍ ഇയാള്‍ മൂന്ന് തവണ ജയിലില്‍ നിന്ന് പുറത്തിറങ്ങി.ആദ്യം ഫെബ്രുവരിയില്‍ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് 21 ദിവസത്തേക്ക്, പിന്നീട് ജൂണില്‍ ഹരിയാണയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഒരു മാസത്തേക്ക്, തുടര്‍ന്ന് ഒക്ടോബറില്‍ ഹരിയാണ ഉപതിരഞ്ഞെടുപ്പ് സമയത്ത് 40 ദിവസത്തേക്കും. അതിനുമുമ്പ്, 2020 ഒക്ടോബറില്‍ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍, ഇയാള്‍ 40 ദിവസത്തെ പരോളില്‍ പുറത്തിറങ്ങിയിരുന്നു.

Similar News