കാര്‍ഷിക ബില്ലുകള്‍ വീണ്ടും കൊണ്ടുവരണം; തിരികെ കൊണ്ടുവരാന്‍ കര്‍ഷകര്‍ ആവശ്യപ്പെടണമെന്ന് കങ്കണ; അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്
വികസനത്തിന്റെ തൂണുകളാണ് കര്‍ഷകര്‍
ന്യൂഡല്‍ഹി: വന്‍ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് മോദി സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്ന കാര്‍ഷിക ബില്ലുകള്‍ വീണ്ടും കൊണ്ടുവരണമെന്ന ആവശ്യവുമായി ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട്. കര്‍ഷകര്‍തന്നെ ഇക്കാര്യം ആവശ്യപ്പെടണമെന്നാണ് എംപി പറയുന്നത്. കര്‍ഷകരുമായി ബന്ധപ്പെട്ട് പ്രസ്താവനകള്‍ നടത്തി പലതവണ വിവാദത്തിലായ കങ്കണയുടെ നിര്‍ദേശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നു.
തന്റെ മണ്ഡലമായ മാണ്ഡിയിലാണ് പുതിയ പ്രസ്താവന കങ്കണ നടത്തിയത്. 2021-ല്‍ മോദി സര്‍ക്കാര്‍ പിന്‍വലിച്ച കാര്‍ഷിക ബില്ലുകള്‍ നിര്‍ബന്ധമായും തിരികെ കൊണ്ടുവരണം, കര്‍ഷകര്‍ തന്നെ ഇതാവശ്യപ്പെടണമെന്നും കങ്കണ പറഞ്ഞു. 'എനിക്കറിയാം ഇത് വിവാദമാകുമെന്ന്. റദ്ദാക്കിയ കാര്‍ഷിക നിയമങ്ങള്‍ തിരികെ കൊണ്ടുവരണമെന്ന് എനിക്ക് തോന്നുന്നു. കര്‍ഷകര്‍തന്നെ ആവശ്യപ്പെടണം. വികസനത്തിന്റെ തൂണുകളാണ് കര്‍ഷകര്‍. ഇക്കാര്യം സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാന്‍ ഞാന്‍ അവരോട് ആവശ്യപ്പെടുകയാണ്. നിങ്ങളുടെ നന്മയ്ക്കായി നിയമങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ആവശ്യപ്പെടുക', കങ്കണ പറഞ്ഞു.
കങ്കണയുടെ പുതിയ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് കര്‍ഷകര്‍ക്കൊപ്പമുണ്ടെന്നും മോദിയും അദ്ദേഹത്തിന്റെ എംപിമാരും എത്രശ്രമിച്ചാലും കാര്‍ഷിക ബില്ലുകള്‍ തിരികെ കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.
'750 കര്‍ഷകരുടെ രക്തസാക്ഷിത്വത്തിന് ശേഷമാണ് മോദി സര്‍ക്കാര്‍ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചത്. ബിജെപി എംപിമാര്‍ ഈ ബില്ലുകള്‍ വീണ്ടും കൊണ്ടുവരാന്‍ ആലോചിക്കുന്നു. കോണ്‍ഗ്രസ് കര്‍ഷകര്‍ക്കൊപ്പമാണ്. നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ എംപിമാരും എത്ര ശ്രമിച്ചാലും ഈ കറുത്ത നിയമങ്ങള്‍ ഒരിക്കലും തിരിച്ചുകൊണ്ടുവരാനാകില്ല', കോണ്‍ഗ്രസ് പ്രതികരിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് കങ്കണ നടത്തിയ പ്രസ്താവനയെചൊല്ലിയുള്ള വിവാദം കെട്ടടങ്ങിയിട്ടില്ല. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനയില്‍ ബിജെപി നേതൃത്വം കങ്കണയെ ശാസിച്ചിരുന്നു. ഇത് പാര്‍ട്ടിയുടെ നിലപാടല്ലെന്ന് ബിജെപിക്ക് വിശദീകരണമിറക്കേണ്ടിയും വന്നിരുന്നു.