പാളം മുറിച്ചുകടക്കുന്നതിനിടെ വന്ദേഭാരത് ട്രെയിന്‍ ഇടിച്ച് 16കാരന്‍ മരിച്ചു; ആശുപത്രി അടിച്ചുതകര്‍ത്തു; ഡോക്ടര്‍മാരെ കൈയേറ്റം ചെയ്ത് ബന്ധുക്കള്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വന്ദേഭാരത് ട്രെയിന്‍ ഇടിച്ച് 16കാരന്‍ മരിച്ചു. പാളം മുറിച്ചുകടക്കുകയായിരുന്ന കുട്ടിയെ ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. വിവരം അറിഞ്ഞെത്തിയ ബന്ധുക്കള്‍ കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രി അടിച്ചുതകര്‍ത്തു. യുപിയിലെ ഷാജഹാന്‍പൂര്‍ ജില്ലയിലെ ഇന്ദിരാ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ചയാണ് സംഭവം. അങ്കിത് കുമാര്‍ എന്ന കുട്ടിയാണ് മരിച്ചത്.
മരണ വിവരം അറിഞ്ഞെത്തിയ ബന്ധുക്കള്‍ ജീവനക്കാരോട് തട്ടിക്കയറുകയും ബഹളം വയ്ക്കുകയും ആശുപത്രി അടിച്ചുതകര്‍ക്കുകയുമായിരുന്നു. ഇതോടെ, വനിതാ ഡോക്ടര്‍മാരടക്കമുള്ളവര്‍ ജീവരക്ഷാര്‍ഥം റെസ്റ്റ്‌റൂമില്‍ അഭയം തേടി. സംഭവത്തില്‍ കുടുംബാംഗങ്ങള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
ഞായറാഴ്ചയാണ് ആണ്‍കുട്ടിയെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നതെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ രാജേഷ് കുമാര്‍ പറഞ്ഞു. ഡോക്ടര്‍ പരിശോധിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. മരണം ഉറപ്പിക്കാന്‍ ഇസിജി എടുത്തെങ്കിലും ഹൃദയമിടിപ്പുണ്ടായിരുന്നില്ലെന്നും തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയതായും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
പിന്നീട് വിവരമറിഞ്ഞ് അങ്കിതിന്റെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് എത്തുകയും അത്യാഹിതവിഭാഗം അടിച്ചുതകര്‍ക്കുകയുമായിരുന്നു. ഡോക്ടര്‍മാരെ കൈയേറ്റം ചെയ്ത ഇവര്‍ ആശുപത്രി രേഖകള്‍ നശിപ്പിച്ചെന്നും പ്രിന്‍സിപ്പല്‍ ആരോപിച്ചു.
അതിക്രമത്തിനിടെ, റെസ്റ്റ്‌റൂമില്‍ അഭയം തേടിയ വനിതാ ഡോക്ടര്‍മാരെ ഉപദ്രവിക്കാന്‍ ഇവര്‍ വാതില്‍ തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചതായും അപ്പോഴേക്കും പൊലീസ് സംഘം എത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശുപത്രിയിലെ അതിക്രമത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെ ഭാരതീയ ന്യായ് സംഹിത 131, 132, 221, 324(5), 351(3), 352 എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി എസ്പി ദ്വിവേദി പറഞ്ഞു.
പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമത്തിലെ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, തിങ്കളാഴ്ച, കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ നിഗോഹിയിലെ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് പൊലീസുകാരെത്തിയാണ് പ്രതിഷേധക്കാരെ ഒഴിപ്പിച്ചത്.
