വിവാഹ വിരുന്നില്‍ വരനോട് മദ്യം വാങ്ങാന്‍ പണം ആവശ്യപ്പെട്ടു; വിസമ്മതിച്ചതോടെ മര്‍ദ്ദനം; വധുവിനെയും വരനെയും തല്ലിച്ചതച്ച് അയല്‍വാസികള്‍

Update: 2026-04-02 06:14 GMT

ഗ്വാളിയാര്‍: വിവാഹ സല്‍ക്കാരത്തിന് മദ്യം നല്‍കാത്തതിനെച്ചൊല്ലി മധ്യപ്രദേശിലെ ഗ്വാളിയാറില്‍ വലിയ സംഘര്‍ഷം. അയല്‍വാസികളായ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വധുവിനെയും വരനെയും കുടുംബാംഗങ്ങളെയും ക്രൂരമായി മര്‍ദ്ദിച്ചു. വധു വിവാഹ ചടങ്ങുകളിലേക്ക് എത്തിയതിന് പിന്നാലെയാണ് നാടിനെ നടുക്കിയ ഈ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.

ഗ്വാളിയാറിലെ ഒരു വീട്ടില്‍ വിവാഹ ചടങ്ങുകള്‍ പുരോഗമിക്കവെയാണ് ഒരു കൂട്ടം അയല്‍വാസികള്‍ അവിടെയെത്തിയത്. ഇവര്‍ വരനോട് മദ്യം വാങ്ങാനായി പണം ആവശ്യപ്പെട്ടു. എന്നാല്‍ മദ്യം വിളമ്പുന്നതിനോ പണം നല്‍കുന്നതിനോ വരനും കുടുംബവും തയ്യാറായില്ല. ഇതില്‍ പ്രകോപിതരായ സംഘം അക്രമാസക്തരാവുകയും വരനെ മര്‍ദ്ദിക്കുകയുമായിരുന്നു. വരനെ തല്ലുന്നത് തടയാന്‍ ഓടിയെത്തിയ വധുവിനും മറ്റ് കുടുംബാംഗങ്ങള്‍ക്കും നേരെയും അക്രമമുണ്ടായി. വധുവിനെ ഉള്‍പ്പെടെ സംഘം ക്രൂരമായി മര്‍ദ്ദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മര്‍ദ്ദനത്തില്‍ മാത്രം ഒതുങ്ങിയില്ല അക്രമികളുടെ വിളയാട്ടം. വിവാഹ വീട്ടിലെ വൈദ്യുതി ബന്ധം തകര്‍ത്ത സംഘം അവിടെയുണ്ടായിരുന്ന വിളക്കുകളും മറ്റും അടിച്ചുതകര്‍ത്തു. ഇതിനിടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണ്ണാഭരണങ്ങളും ഇവര്‍ കവര്‍ന്നതായും പരാതിയുണ്ട്.

സംഭവത്തില്‍ വധുവിന്റെയും വരന്റെയും കുടുംബം പോലീസില്‍ പരാതി നല്‍കി. മദ്യം ആവശ്യപ്പെട്ട് എത്തിയവര്‍ ബോധപൂര്‍വ്വം പ്രശ്‌നമുണ്ടാക്കി കവര്‍ച്ച നടത്തുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവിലുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Tags:    

Similar News