മാസാന്ത്യം കിട്ടിയത് 'എട്ടിന്റെ പണി'; പേ-സ്ലിപ്പ് കണ്ട് യുവതി ഞെട്ടി; വൈകിയെത്തിയതിന് പിഴ 11,000 രൂപ; ജീവനക്കാരിയുടെ വയറ്റത്തടിച്ച് മാനേജ്‌മെന്റ്; വൈറലായി വീഡിയോ

Update: 2026-03-31 16:28 GMT

ഡൽഹി: കഷ്ടപ്പെട്ട് പണിയെടുത്തു മാസാന്ത്യം കൈപ്പറ്റുന്ന ശമ്പളപ്പട്ടിക സന്തോഷത്തിന്റേതാകേണ്ടതാണ്. എന്നാൽ സ്വാതി എന്ന യുവതിക്ക് ഫെബ്രുവരി മാസത്തെ പേ-സ്ലിപ്പ് സമ്മാനിച്ചത് കടുത്ത ആശങ്കയും കണ്ണീരുമാണ്. ഓഫീസിൽ വൈകി എത്തിയെന്ന കാരണത്താൽ സ്വാതിയുടെ ശമ്പളത്തിൽ നിന്ന് കമ്പനി വെട്ടിക്കുറച്ചത് 11,000 രൂപ. ഒരു സാധാരണ ജീവനക്കാരിയെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിലുമപ്പുറമുള്ള ഈ തുക പിഴയായി ഈടാക്കിയ വിവരം സ്വാതി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

പൊതുഗതാഗത സംവിധാനങ്ങൾ വൈകിയതിനാലാണ് തനിക്ക് ഓഫീസിലെത്താൻ താമസം നേരിട്ടതെന്ന് സ്വാതി വീഡിയോയിൽ വ്യക്തമാക്കുന്നു. ഇക്കാര്യം കൃത്യസമയത്ത് തന്നെ അധികൃതരെ അറിയിച്ചിരുന്നു. വിഷയം പരിഗണിക്കാമെന്ന് അവർ ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ ശമ്പളം വന്നപ്പോൾ കണ്ടത് വൻതുക വെട്ടിക്കുറച്ചതാണ്. "ശമ്പളത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒരാളെ സംബന്ധിച്ചിടത്തോളം 11,000 രൂപ എന്നത് വലിയൊരു തുകയാണ്. എന്റെ കുടുംബ ബജറ്റിനെ ഇത് സാരമായി ബാധിച്ചു," സ്വാതി വേദനയോടെ പറയുന്നു.

യുവതിയുടെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. സ്വകാര്യ മേഖലയിലെ ജീവനക്കാർ നേരിടുന്ന കടുത്ത സമ്മർദ്ദത്തിന്റെയും ചൂഷണത്തിന്റെയും ഉദാഹരണമാണിതെന്നാണ് ഭൂരിഭാഗം പേരുടെയും കമന്റുകൾ. സ്ഥാപനങ്ങളിൽ നിയമങ്ങൾ പാലിക്കപ്പെടേണ്ടത് അത്യാവശ്യമാണെങ്കിലും, ജീവനക്കാരുടെ ഭാഗത്തെ ന്യായമായ സാഹചര്യങ്ങൾ കൂടി പരിഗണിക്കാൻ മാനേജ്‌മെന്റുകൾ തയ്യാറാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഒരു സാധാരണക്കാരന്റെ ജീവിതം പ്രതിസന്ധിയിലാക്കുന്ന ഇത്തരം നടപടികൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.


തന്റെ പോസ്റ്റ് ഏതെങ്കിലും ഒരു സ്ഥാപനത്തെ തകർക്കാനോ പ്രതികാരം ചെയ്യാനോ ഉദ്ദേശിച്ചുള്ളതല്ലെന്നും, മറിച്ച് സ്വകാര്യ മേഖലയിലെ സാധാരണക്കാർ നേരിടുന്ന കയ്പ്പേറിയ യാഥാർത്ഥ്യങ്ങൾ ലോകത്തെ അറിയിക്കാനാണെന്നും സ്വാതി കൂട്ടിച്ചേർത്തു.

Tags:    

Similar News