ആഗോള വ്യോമയാനരംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവ പരിചയം; വില്ലി വാല്‍ഷിനെ പുതിയ സിഇഒ ആയി നിയമിച്ച് ഇന്‍ഡിഗോ
ന്യൂഡല്‍ഹി: പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ പുതിയ സിഇഒ ആയി വില്ലി വാല്‍ഷിനെ നിയമിച്ചു. നിലവില്‍ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ(IATA) ഡയറക്ടര്‍ ജനറലാണ് അദ്ദേഹം. ജൂലായ് 31 വരെയാണ് IATA-യിലെ അദ്ദേഹത്തിന്റെ കാലാവധി. ഇതിനുശേഷം ഓഗസ്റ്റ് മൂന്നാം തീയതിയോടെ വില്ലി വാല്‍ഷ് ഇന്‍ഡിഗോയിലെ പുതിയ ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ആഗോള വ്യോമയാനരംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥനാണ് വില്ലി വാല്‍ഷ്. IATA-യില്‍ എത്തുന്നതിന് മുന്‍പ് ബ്രിട്ടീഷ് എയര്‍വേയ്സ്, ഐബെരിയ, ഏയര്‍ ലിംഗസ് തുടങ്ങിയ വിമാനക്കമ്പനികളുടെ മാതൃകമ്പനിയായ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പിന്റെ(IAG) മേധാവിയായിരുന്നു അദ്ദേഹം.
ഇന്‍ഡിഗോ സിഇഒ ആയിരുന്ന പീറ്റര്‍ എല്‍ബേഴ്സ് ഇക്കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് രാജിവെച്ചത്. രാജ്യവ്യാപകമായി ഇന്‍ഡിഗോ വലിയ രീതിയിലുള്ള പ്രവര്‍ത്തന തടസ്സങ്ങള്‍ നേരിട്ടതിന് മൂന്നു മാസത്തിനുശേഷമായിരുന്നു അദ്ദേഹത്തിന്റെ രാജി. അതേസമയം, വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നായിരുന്നു വിശദീകരണം.