പരിപാടി കാണാൻ ആവേശത്തോടെ ഇരുന്ന വിദ്യാർത്ഥികൾ; അതിനിടയിൽ ഒരു പ്രഫസറുടെ വരവിൽ ഹാൾ മുഴുവൻ ഇളകിമറിയുന്ന കാഴ്ച; ചർച്ചയാക്കി സോഷ്യൽ മീഡിയ
പൂനെ: പൂനെയിലെ ശ്രീ ബാലാജി യൂണിവേഴ്സിറ്റിയിലെ ഒരു പ്രഫസർ കോളേജ് വേദിയിൽ നടത്തിയ ഉജ്ജ്വലമായ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലായി. 'ഷോലെ' സിനിമയിലെ പ്രശസ്തമായ 'മെഹബൂബ മെഹബൂബ' എന്ന ഗാനം ആലപിച്ച് വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും അമ്പരപ്പിച്ചാണ് അദ്ദേഹം കയ്യടി നേടിയത്. യൂണിവേഴ്സിറ്റിയിൽ നടന്ന 'ദൃഷ്ടി 2026' എന്ന ആഘോഷ പരിപാടിക്കിടെയായിരുന്നു ഈ സംഭവം.
ക്ലാസ് മുറികളിൽ ഗൗരവക്കാരനായി കാണുന്ന അധ്യാപകൻ എന്ന പതിവ് സങ്കൽപ്പത്തെ പൊളിച്ചെഴുതുന്നതായിരുന്നു അദ്ദേഹത്തിന്റെ വേറിട്ട പ്രകടനം. വളരെ ആവേശത്തോടെ ഗാനം ആലപിക്കുന്ന പ്രഫസറുടെ വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. നുപുർ മാൾ എന്ന ഉപയോക്താവ്, 'നിങ്ങളുടെ പ്ലേലിസ്റ്റിനേക്കാൾ വൈബുള്ള പ്രൊഫസർ' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് 1.1 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടി.
വീഡിയോയ്ക്ക് താഴെ നിരവധിപ്പേർ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. "കോളേജ് ജീവിതം അവിസ്മരണീയമാക്കുന്നത് ഇത്തരം അധ്യാപകരാണ്" എന്നും, "വിദ്യാർത്ഥികളുമായി ഇത്രയും അടുത്ത ബന്ധം പുലർത്തുന്ന അധ്യാപകർക്ക് ലഭിക്കുന്ന ബഹുമാനം ഇരട്ടിയായിരിക്കും" എന്നും കമന്റുകൾ വന്നു. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധത്തിൽ വരുന്ന മാറ്റങ്ങളെ അടയാളപ്പെടുത്തുന്ന ഈ സംഭവം, അക്കാദമിക് രംഗത്തെ പുതിയ പ്രവണതകളെയാണ് സൂചിപ്പിക്കുന്നത്.