ബിരിയാണിയില്‍ ചിക്കന്റെ ലഗ്പീസ് കിട്ടിയില്ല; വിവാഹ സല്‍ക്കാരത്തിനിടെ ചേരിതിരിഞ്ഞ് തല്ലി വരന്റെയും വധുവിന്റെയും ആളുകള്‍
ബിരിയാണിയില്‍ ചിക്കന്റെ ലഗ്പീസ് കിട്ടിയില്ല; വിവാഹ സല്‍ക്കാരത്തിൽ കൂട്ടത്തല്ല്
ലക്‌നൗ: വിവാഹ സല്‍ക്കാരത്തിനിടെ ബിരിയാണിയില്‍ ചിക്കന്റെ ലെഗ്പീസ് കിട്ടിയില്ലെന്നാരോപിച്ച്് കല്ല്യാണ വീട്ടില്‍ കൂട്ടത്തല്ല്. ഉത്തര്‍പ്രദേശിലെ അംറോഹയിലാണ് സംഭവം. വരന്റെ ആളുകളും വരന്റെ ആളുകളുമാണ് തമ്മിലടിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നുണ്ട്. ബിരിയാണിയില്‍ ചിക്കന്‍ ലെഗ്പീസ് കിട്ടിയില്ലെന്ന് ആരോപിച്ച് വരന്റെ ബന്ധുക്കളാണ് ബഹളത്തിന് തുടക്കമിട്ടത്.
ഇതോടെ വരന്റെ കൂട്ടരും ആതിഥേയരായ വധുവിന്റെ കൂട്ടരും വിവാഹവേദിയില്‍ ഭക്ഷണം വിളമ്പുന്ന സ്ഥലത്ത് പൊരിഞ്ഞ തല്ലായി. പിന്നാലെ വരനൊപ്പം എത്തിയവര്‍ വിവാഹസല്‍ക്കാരം നടക്കുന്നയിടത്തെ കസേരകളും മേശകളും തല്ലിത്തകര്‍ത്തു. അടിപൊട്ടുന്നത് തുടര്‍ന്നതോടെ വധുവിന്റെ വീട്ടുകാര്‍ വിവരം പോലിസിനെ അറിയിച്ചു. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
'കല്യാണത്തിന്റെ ആവേശത്തില്‍ നിന്ന് ബിരിയാണിക്കായുള്ള ഗുസ്തിയിലേക്ക്. ഇത് ഇന്ത്യയില്‍ മാത്രം' എന്നാണ് വിഡിയോയെപ്പറ്റി സമൂഹമാധ്യമത്തില്‍ വന്ന ഒരു കമന്റ്. 'പൗരബോധമില്ല, ധാര്‍മ്മിക വിദ്യാഭ്യാസവുമില്ല, കൂടെ തീവ്രമായ മാനസികാവസ്ഥയും. ഇതിന് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.