പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍; മൂന്ന് വാര്‍ഡന്‍മാരെ സസ്പെന്‍ഡ് ചെയ്തു
ബംഗളൂരു: കര്‍ണാടകയിലെ അതീവ സുരക്ഷാ ജയിലായ ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിനുള്ളില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി തടവുകാര്‍ ആഡംബര ജീവിതം നയിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തടവുകാര്‍ സുഖമായി ഇരുന്ന് ടിവിയില്‍ നെറ്റ്ഫ്‌ലിക്‌സ് കാണുന്നതും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുമായ വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ദൃശ്യങ്ങള്‍ വിവാദമായതോടെ മൂന്ന് ജയില്‍ വാര്‍ഡന്‍മാരെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തു.
തടവുകാര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതും നെറ്റ്ഫ്‌ലിക്‌സ് പോലുള്ള സ്ട്രീമിങ് പ്ലാറ്റ്ഫോം ടെലിവിഷനിലൂടെ ആസ്വദിക്കുന്നതാണ് വിഡിയോയില്‍. കൂടാതെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തെക്കുറിച്ച് തടവുകാര്‍ സംസാരിക്കുന്നതും വിഡിയോയിലുണ്ട്. ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് രണ്ടരവര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന തടവുകാരാണ് മാര്‍ച്ച് 27ന് വിഡിയോ റെക്കോഡ് ചെയ്തതെന്നാണ് സൂചന. ജയിലിന് പുറത്തുള്ള ബന്ധുക്കള്‍ക്ക് രഹസ്യമായി അയച്ച വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
സംഭവത്തെത്തുടര്‍ന്ന് വീഡിയോയില്‍ കാണുന്ന മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ജയിലിലെ മൂന്ന് വാര്‍ഡന്‍മാരെ സസ്പെന്‍ഡ് ചെയ്തു. ശിവാനന്ദ് കരലബട്ടി, നിരഞ്ജന്‍ എ കാമത്ത്, ഹനുമന്തപ്പ ഹഡപാദ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
പതിവ് പരിശോധനകളില്‍നിന്ന് രക്ഷപ്പെടുന്നതിനായി ടോയ്‌ലറ്റ് ബ്ലോക്കിന് സമീപത്തെ ഭൂഗര്‍ഭ പൈപ് ലൈനിലാണ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മൊബൈല്‍ ഫോണ്‍ സൂക്ഷിച്ചിരുന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ കൂടു?തല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. അതേസമയം ജയിലുകള്‍ക്കുള്ളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വീഡിയോ പ്രത്യക്ഷപ്പെട്ടതിലൂടെ ഈ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് ഉണ്ടായതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
