ഉച്ചത്തിൽ പാട്ട്‌വെച്ചതും കല്ലേറ് തുടങ്ങി; കടകൾ അടക്കം അടിച്ചുതകർത്തു; പോലീസിന് പോലും നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥ; മുർഷിദാബാദിൽ ഘോഷയാത്രയ്ക്കിടെ വൻ സംഘർഷം

Update: 2026-03-28 14:26 GMT

മുർഷിദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ രാമനവമി ഘോഷയാത്രയ്ക്കിടെ വൻ സംഘർഷം. വെള്ളിയാഴ്ച നടന്ന ഘോഷയാത്രയ്ക്കിടെയുണ്ടായ തർക്കം കല്ലേറിലും വ്യാപക അക്രമങ്ങളിലുമാണ് കലാശിച്ചത്. നിരവധി കടകൾക്ക് തീയിടുകയും തകർക്കുകയും ചെയ്തു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

ജില്ലയിലെ ജാംഗിപൂർ, രഘുനാഥ്ഗഞ്ച് മേഖലകളിലാണ് സംഘർഷമുണ്ടായത്. രഘുനാഥ്ഗഞ്ചിലെ സിസതാലയിൽ ഘോഷയാത്രയ്ക്കിടെ പാട്ട്‌വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് തുടക്കമിട്ടതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ മുസ്ലിം സമുദായക്കാരുടെ കടകൾ വ്യാപകമായി അഗ്നിക്കിരയാക്കുകയും നശിപ്പിക്കുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ആക്രമണങ്ങളിൽ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചതിനെക്കുറിച്ച് ചോദ്യമുയർന്നപ്പോൾ, ഒരു പ്രത്യേക സമുദായത്തിന്റെ പേര് എന്തിനാണ് പരാമർശിക്കുന്നതെന്ന മറുചോദ്യവും ഉയർന്നുവന്നു.

സ്ഥിതിഗതികൾ നിയന്ത്രിക്കാനായി വൻ പോലീസ് സന്നാഹത്തെയും കേന്ദ്ര സേനയെയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പോലീസ് റൂട്ട് മാർച്ച് നടത്തിവരികയാണെന്നും മുർഷിദാബാദ് ഡിഐജി അജിത് സിങ് യാദവ് അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നടന്ന ഈ അക്രമം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ബിജെപി നേതാവ് ധനഞ്ജയ് ഘോഷ് ആരോപിച്ചു. അതേസമയം, കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ജാംഗിപൂർ നഗരസഭാ ചെയർമാൻ മുഫീസുൽ ഇസ്‌ലാം ആവശ്യപ്പെട്ടു. അക്രമികളെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

Similar News