'വികസനത്തിന്റെ പുതിയ അധ്യായം'; നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു; യാത്രതിരക്കും ടിക്കറ്റ് നിരക്കും കുറയും

Update: 2026-03-28 09:53 GMT

നോയിഡ: ദേശീയ തലസ്ഥാന മേഖലയുടെ (NCR) ഗതാഗത ഭൂപടത്തില്‍ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് നോയിഡ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ വികസനക്കുതിപ്പിന് കരുത്തുപകരുന്ന ഈ പദ്ധതി, 11,200 കോടി രൂപ ചെലവഴിച്ചാണ് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയത്. 2021 നവംബറില്‍ തറക്കല്ലിട്ട വിമാനത്താവളം റെക്കോര്‍ഡ് വേഗത്തില്‍ യാഥാര്‍ഥ്യമായതോടെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വികസനത്തിന്റെ പുതിയ അധ്യായത്തിനാണ് ഉത്തര്‍പ്രദേശില്‍ തുടക്കം കുറിക്കുന്നതെന്ന് ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷം ലോകമെമ്പാടും ഇന്ധന-ഭക്ഷ്യ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും സാധാരണക്കാരെ ബാധിക്കാത്ത വിധം ഇന്ത്യ പോരാടുകയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. യുപിയിലെ മുന്‍ സര്‍ക്കാരുകള്‍ വികസനം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പ്രതിപക്ഷത്തിനെതിരെ അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

വിമാന ഇന്ധനത്തിന്റെ വാറ്റ് (VAT) നികുതി ഒഴിവാക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം ടിക്കറ്റ് നിരക്കില്‍ വലിയ കുറവുണ്ടാക്കും. ഡല്‍ഹി വിമാനത്താവളത്തെ അപേക്ഷിച്ച് 10 മുതല്‍ 15 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കും. ഉദാഹരണത്തിന്, ഡല്‍ഹിയില്‍ നിന്ന് ലക്‌നൗവിലേക്ക് 3,500 രൂപയുള്ള ടിക്കറ്റ് നോയിഡയില്‍ നിന്ന് 2,800 രൂപയ്ക്ക് ലഭ്യമാകും. ഏപ്രില്‍ 16-ഓടെ വിമാന സര്‍വീസുകള്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ ഇന്‍ഡിഗോ, ആകാശ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയാകും സര്‍വീസ് നടത്തുക. ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, ലക്‌നൗ, ഡെറാഡൂണ്‍ തുടങ്ങിയ നഗരങ്ങളിലേക്കാണ് ആദ്യ ആഭ്യന്തര സര്‍വീസുകള്‍. പിന്നീട് ദുബായ്, സിംഗപ്പൂര്‍, സൂറിക് എന്നിവിടങ്ങളിലേക്ക് അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങും. വിമാനത്താവളത്തിലേക്ക് നേരിട്ടെത്താന്‍ 200 എസി ബസുകള്‍ യുപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹി മെട്രോയുമായും നോയിഡ അക്വാലൈനുമായും ബന്ധിപ്പിക്കുന്ന പ്രത്യേക എയര്‍പോര്‍ട്ട് മെട്രോ ലൈനിന്റെ പണി 2030-ഓടെ പൂര്‍ത്തിയാകും.

പൂര്‍ണ്ണതോതിലുള്ള നിര്‍മ്മാണം കഴിയുന്നതോടെ പ്രതിവര്‍ഷം 7 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമായി ഇത് മാറും. സ്വിസ് കമ്പനിയായ സൂറിക് എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ എജിയും നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും ചേര്‍ന്നാണ് ഈ ബൃഹദ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 3000 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ വിമാനത്താവളം പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ വ്യവസായ-വാണിജ്യ മേഖലകളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

Similar News