ബാങ്കിന്റെ പിഴവിനെ തുടര്‍ന്ന് അക്കൗണ്ടിലെത്തിയത് പത്ത് കോടി രൂപ; തിരികെ നല്‍കി യുവതി
ബാങ്കിന്റെ പിഴവ്: അക്കൗണ്ടിലെത്തിയത് 10 കോടി രൂപ
മെയിന്‍പുരി: ബാങ്കിന്റെ പിഴവിനെ തുടര്‍ന്ന് കൃഷിക്കാരിയായ യുവതിയുടെ അക്കൗണ്ടിലെത്തിയത് പത്ത് കോടി രൂപ. തന്റെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ എടിഎമ്മില്‍ എത്തിയ യുവതി ബാങ്ക് ബാലന്‍സ് പരിശോധിച്ചപ്പോഴാണ് കോടികള്‍ തന്റെ അക്കൗണ്ടില്‍ ഉള്ളതായി മനസ്സിലായത്. ഞെട്ടിപ്പോയ ഇവര്‍ ബാങ്കിനെ സമീപിക്കുക ആയിരുന്നു. ബിച്വാനിലെ ദേവ്ഗഞ്ച് ഗ്രാമവാസിയായ റീത്തയുടെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്.
റീത്ത കഴിഞ്ഞ ദിവസം തന്റെ അക്കൗണ്ടിലുള്ള പണം പിന്‍വലിക്കാന്‍ ബാങ്കില്‍ എത്തിയെങ്കിലും ശാഖ അടച്ചിരുന്നു. തുടര്‍ന്ന് എടിഎമ്മില്‍ എത്തി അക്കൗണ്ട് ബാലന്‍സ് പരിശോധിച്ചപ്പോഴാണ് കോടികള്‍ അക്കൗണ്ടിലുള്ള കാര്യം അറിയുന്നത്. ഇക്കാര്യം ഉറപ്പിക്കാനായി മറ്റൊരു എടിഎമ്മിലും എത്തി പരിശോധിച്ചു. സംഗതി ശരിയാണെന്നു മനസ്സിലായതോടെ റീത്തയും കുടുംബവും അങ്കലാപ്പിലായി.
ബാങ്കിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവ് അറിയിക്കാന്‍ റീത്തയും കുടുംബവും പിറ്റേന്ന് തന്നെ ശാഖയിലെത്തിയെങ്കിലും അന്ന് ബാങ്ക് അവധിയായിരുന്നു. പിന്നീട് ഫോണ്‍വഴി ബാങ്ക് അധികൃതരെ കാര്യങ്ങള്‍ ധരിപ്പിച്ചു. സാങ്കേതിക പിഴവോ ഇടപാടിലെ പിഴവോ ആകാം സംഭവത്തിന് കാരണമെന്ന് ബാങ്ക് മേലധികാരികള്‍ പറഞ്ഞു. ബ്രാഞ്ച് വീണ്ടും തുറന്നതിനു ശേഷം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
സംഭവം ഗ്രാമത്തിലാകെ ചര്‍ച്ചയായിരിക്കുകയാണ്. റീത്ത ബാങ്ക് ബാലന്‍സ് പരിശോധിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ഇത്രയും ഭീമമായ തുക അക്കൗണ്ടിലെത്തിയിട്ടും ദുരുപയോഗം ചെയ്യാതെ അത് തിരിച്ചുകൊടുക്കാന്‍ കാണിച്ച റീത്തയുടെയും കുടുംബത്തിന്റെയും സത്യസന്ധതയെ വാഴ്ത്തുകയാണ് സമൂഹമാധ്യമ ലോകം.