സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് വാങ്ങി ആകാശത്തേക്ക് വെടിവെച്ച് എംഎൽഎ; രാമനവമി ആഘോഷത്തിൽ സുരക്ഷാ വീഴ്ച; നഗരങ്ങളിൽ ബൈക്ക് സ്റ്റണ്ടും സംഘർഷവും

Update: 2026-03-29 10:46 GMT

ഭുവനേശ്വർ: ഒഡീഷയിൽ രാമനവമി ആഘോഷങ്ങൾക്കിടെ വ്യാപകമായ സുരക്ഷാ വീഴ്ചയും അക്രമാസക്തമായ സംഭവങ്ങളും. ടിറ്റ്‌ലഗഢ് എംഎൽഎ നവീൻ ജെയിൻ പൊതുമധ്യത്തിൽ വെടിയുതിർത്തത് വലിയ വിവാദത്തിന് വഴിവെച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രയ്ക്കിടെയാണ് നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി എംഎൽഎ ആകാശത്തേക്ക് വെടിവെച്ചത്.

ഘോഷയാത്ര പുരോഗമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും തോക്ക് വാങ്ങിയ എംഎൽഎ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. ഇതിനുശേഷം തോക്ക് സ്വന്തം അരപ്പട്ടയിൽ തിരുകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആയുധമുപയോഗിച്ചത് ഒഴിഞ്ഞ തിരകൾ ഉപയോഗിച്ചാണെങ്കിലും, വൻ ജനക്കൂട്ടത്തിന് നടുവിൽ ഇത്തരത്തിൽ പെരുമാറിയത് പ്രോട്ടോക്കോൾ ലംഘനമാണെന്നും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും വിമർശനം ഉയർന്നിട്ടുണ്ട്.

സംസ്ഥാന തലസ്ഥാനമായ ഭുവനേശ്വറിലും ആഘോഷങ്ങൾ പരിധി വിട്ടു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ബൈക്ക് റാലികളിൽ ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തിയായിരുന്നു യുവാക്കളുടെ പ്രകടനം. അപകടകരമായ രീതിയിലുള്ള ബൈക്ക് സ്റ്റണ്ടുകളും ഗുണ്ടായിസവും ആഘോഷത്തിന്റെ നിറം കെടുത്തി.

സമാധാനപരമായ ആഘോഷങ്ങൾക്കായി അധികൃതർ കർശന മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നെങ്കിലും പലയിടത്തും ഇവ ലംഘിക്കപ്പെട്ടു. വൻ സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നതായി പോലീസ് അവകാശപ്പെടുമ്പോഴും, ജനപ്രതിനിധി തന്നെ നിയമം കൈയ്യിലെടുത്തത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.

Tags:    

Similar News