'ബിജെപി വരികയാണെങ്കില്‍ നിങ്ങള്‍ക്ക് ഇറച്ചിയോ മുട്ടയോ കഴിക്കാന്‍ കഴിയില്ല; അവര്‍ ആളുകളെ കൊലപ്പെടുത്തിയാണ് അധികാരത്തിലെത്തിയത്'; വിമര്‍ശനവുമായി മമത

Update: 2026-03-29 12:18 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍ നില്‍ക്കെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ജനങ്ങളുടെ ഭക്ഷണസ്വാതന്ത്ര്യം ഇല്ലാതാക്കുമെന്നും മത്സ്യം, മാംസം, മുട്ട എന്നിവ കഴിക്കുന്നതില്‍ നിന്ന് ജനങ്ങളെ തടയുമെന്നും മമത ആരോപിച്ചു. പുരുലിയയില്‍ നടന്ന കൂറ്റന്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും മത്സ്യം കഴിക്കുന്ന ശീലമില്ലെന്നും ആ സംസ്‌കാരം ബംഗാളിലും അടിച്ചേല്‍പ്പിക്കാന്‍ അവര്‍ ശ്രമിക്കുമെന്നും മമത പറഞ്ഞു.

'ബിജെപി വരികയാണെങ്കില്‍ നിങ്ങള്‍ക്ക് ഇറച്ചിയോ മുട്ടയോ കഴിക്കാന്‍ കഴിയില്ല. അവര്‍ ഏകപക്ഷീയമായ നിലപാടുകാരാണ്. അവര്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. ഭക്ഷണത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് അവരുടെ ശ്രമം.' കേന്ദ്ര ഭരണകക്ഷിയായ ബിജെപി കലാപങ്ങള്‍ ഇളക്കിവിട്ടാണ് അധികാരം പിടിച്ചെടുക്കുന്നതെന്ന് മമത കുറ്റപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളില്‍ ബംഗാളി സംസാരിക്കുന്നവര്‍ക്ക് നേരെ ആക്രമണങ്ങള്‍ നടക്കുകയാണെന്നും അവര്‍ പറഞ്ഞു. ഗോത്രവര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ആളുകളെ കൊന്നൊടുക്കിയാണ് അവര്‍ അധികാരം നിലനിര്‍ത്തുന്നത്. എന്നാല്‍ ബംഗാളില്‍ ഞങ്ങള്‍ ആരെയും അടിച്ചമര്‍ത്താറില്ലെന്ന് മമത വ്യക്തമാക്കി.

മത്സ്യവും മാംസവും ബംഗാളി സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമായതിനാല്‍, മമതയുടെ ഈ പ്രചാരണം വോട്ടര്‍മാരെ എത്രത്തോളം സ്വാധീനിക്കുമെന്ന് കണ്ടറിയണം. ഇതിനോടകം തന്നെ ബിജെപി നേതൃത്വം ഈ ആരോപണങ്ങളെ തള്ളിക്കളയുകയും വികസന കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മമത ഇത്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് ആരോപിക്കുകയും ചെയ്തിട്ടുണ്ട്.

രണ്ട് ഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രില്‍ 23-നും രണ്ടാംഘട്ടം ഏപ്രില്‍ 29-നും. മേയ് നാലാം തീയതിയാണ് വോട്ടെണ്ണല്‍. ദേശീയ രാഷ്ട്രീയവും പ്രാദേശിക വികാരങ്ങളും ഒരുപോലെ ചര്‍ച്ചയാകുന്ന ഈ തിരഞ്ഞെടുപ്പില്‍ മമതയുടെ ഈ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതുറന്നിട്ടുണ്ട്.

Similar News