നിരവധി പേരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി; ഇരകളില്‍ രണ്ട് സഹോദരിമാരും; പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തു; 20 വയസ്സുകാരന്‍ അറസ്റ്റില്‍

Update: 2026-03-29 13:03 GMT

പനാജി: ഗോവയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തും ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്‌തെന്ന പരാതിയില്‍ 20 കാരന്‍ അറസ്റ്റില്‍. ബിജെപി ബന്ധമുള്ള മുന്‍സിപ്പല്‍ കൗണ്‍സിലറുടെ മകന്‍ സോഹം നായിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗം, അശ്ലീല ചിത്രങ്ങളുടെയും വിഡിയോകളുടെയും പ്രചാരണം, ഭീഷണിപ്പെടുത്തല്‍, പോക്‌സോ, ഐടി ആക്ട് എന്നിവ പ്രകാരമാണ് പ്രതിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പ്രതിയുടെ ഇരകളില്‍ രണ്ട് സഹോദരിമാരുണ്ടെന്നും അതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരും പ്രതിയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. പ്രതി നിരവധി പേരെ ചൂഷണം ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. ഇരകളുടെ എണ്ണം 15 മുതല്‍ 30 വരെയാകാമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുമ്പോള്‍, നൂറിലധികം പെണ്‍കുട്ടികള്‍ ഇരകളായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

നിലവില്‍ പ്രതിയുടെ സുഹൃത്ത് ഉള്‍പ്പെടെ നാല് പേര്‍ പരാതി നല്‍കിയിട്ടുണ്ട്. കൂടുതല്‍ ഇരകളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്. പ്രതിയുടെ പിതാവ് ബിജെപി ബന്ധമുള്ള മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആണെങ്കിലും, പ്രതിയ്ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. ഈ സംഭവത്തെ പാര്‍ട്ടി ശക്തമായി അപലപിക്കുന്നതായും അവര്‍ അറിയിച്ചു.

കുറ്റകൃത്യം നടന്ന് ഏറെകാലത്തിനു ശേഷം മാത്രം നടപടിയെടുത്തതിനെ ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് പട്കര്‍ ചോദ്യം ചെയ്തു. പ്രാദേശികമായ സമ്മര്‍ദ്ദത്തിനു ശേഷമാണ് പൊലീസ് കേസെടുത്തതെന്നും, ബന്ധപ്പെട്ട കമ്മിഷനുകള്‍ വേഗത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Similar News