ബാലൻസ് പരിശോധിച്ചപ്പോൾ സ്ക്രീനിൽ തെളിഞ്ഞ അക്കങ്ങൾ കണ്ട് വീട്ടമ്മ ഞെട്ടി; അക്കൗണ്ടിൽ വന്നത് 10 കോടി രൂപ; വീഡിയോ വൈറലായതോടെ ബാങ്ക് അധികൃതരും രംഗത്തെത്തി; സംഭവം ഇങ്ങനെ
ലഖ്‌നൗ: സ്വന്തം ബാങ്ക് അക്കൗണ്ടിൽ പെട്ടെന്നൊരു ദിവസം പത്തുകോടി രൂപ വന്നാൽ എന്തുചെയ്യും? മിക്കവരും അമ്പരന്നുപോകുന്ന അല്ലെങ്കിൽ ആ പണം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ, വേറിട്ട മാതൃകയാവുകയാണ് ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിനിയായ റീത്ത. അപ്രതീക്ഷിതമായി അക്കൗണ്ടിലെത്തിയ കോടികളിൽ നിന്ന് ഒരു പൈസ പോലും എടുക്കാതെ അധികൃതരെ വിവരമറിയിച്ച ഈ വീട്ടമ്മ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ്.
മെയിൻപുരി ബിച്വാൻ സ്വദേശിയായ റീത്ത ഒരു കർഷകന്റെ ഭാര്യയാണ്. ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ എത്തിയതായിരുന്നു അവർ. എന്നാൽ ബാങ്ക് അവധിയായതിനാൽ അടുത്തുള്ള എടിഎമ്മിൽ കയറി ബാലൻസ് പരിശോധിച്ചു. സ്ക്രീനിൽ തെളിഞ്ഞ അക്കങ്ങൾ കണ്ട് റീത്ത ഒന്ന് ഞെട്ടി. അക്കൗണ്ടിൽ കൃത്യം 9,99,49,588 രൂപ. വിശ്വസിക്കാനാവാതെ പലവട്ടം ബാലൻസ് പരിശോധിച്ചിട്ടും തുകയിൽ മാറ്റമില്ല. ഒടുവിൽ തെളിവായി എടിഎം സ്ക്രീനിന്റെ വീഡിയോ മൊബൈലിൽ പകർത്തി. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
അക്കൗണ്ടിൽ കോടികളുണ്ടെങ്കിലും അത് തന്റെ അധ്വാനഫലമല്ലെന്ന ഉറച്ച ബോധ്യം റീത്തയ്ക്കുണ്ടായിരുന്നു. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അധികൃതരിൽ നിന്നും കൃത്യമായ വിശദീകരണം ലഭിക്കുന്നത് വരെ അതിൽ നിന്നും ഒരു രൂപ പോലും പിൻവലിക്കരുതെന്ന് അവർ തന്റെ കുടുംബാംഗങ്ങൾക്കും കർശനമായ നിർദ്ദേശം നൽകി. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും മറ്റൊരാളുടെ പണത്തിൽ തൊടില്ലെന്ന റീത്തയുടെ ഈ ഉറച്ച നിലപാടിനെയും സത്യസന്ധതയെയും വലിയ കയ്യടിയോടെയാണ് നാട്ടുകാരും സോഷ്യൽ മീഡിയയും ഇപ്പോൾ പ്രശംസിക്കുന്നത്.
സംഭവം വിവാദമായതോടെ ബാങ്ക് ഓഫ് ഇന്ത്യ കരീംഗഞ്ച് ബ്രാഞ്ച് മാനേജർ ഋഷികാന്ത് പാണ്ഡെ വിശദീകരണവുമായി രംഗത്തെത്തി. സാങ്കേതിക തകരാറോ അല്ലെങ്കിൽ ഇടപാടിലെ പിഴവോ ആകാം ഇത്രയും വലിയ തുക അക്കൗണ്ടിൽ കാണിക്കാൻ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ബാങ്ക് വിശദമായ അന്വേഷണം നടത്തിവരികയാണ്.