കുടിച്ച് ലക്കുകെട്ട് ബൈക്കോടിച്ച് അപകടമുണ്ടാക്കി; ടാക്സി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിച്ചു; ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ അസഭ്യവർഷവും അശ്ലീല ആംഗ്യവും; രാത്രി നടുറോഡിൽ 'യുവതികളുടെ ഷോ'

Update: 2026-02-08 10:22 GMT

ബെംഗളൂരു: മദ്യലഹരിയിൽ നടുറോഡിൽ ടാക്സി ഡ്രൈവറെയും തടയാനെത്തിയ നാട്ടുകാരെയും ആക്രമിച്ച് യുവതികൾ. ബെംഗളൂരുവിലെ ഹൂളിമാവിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ടാക്സി കാറിൽ ബൈക്കിടിച്ച് അപകടമുണ്ടാക്കിയ യുവതികളെ ഏറെ പണിപ്പെട്ടാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ശനിയാഴ്ച രാത്രി സുഹൃത്തുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മദ്യലഹരിയിലായിരുന്ന രണ്ട് യുവതികൾ സഞ്ചരിച്ച ബൈക്ക്, ടാക്സി ഡ്രൈവറായ അഹമ്മദ് ഓടിച്ചിരുന്ന കാറിന്റെ പിന്നിലിടിക്കുകയായിരുന്നു. അപകടത്തിൽ വാഹനം നിർത്തി യുവതികളെ ചോദ്യം ചെയ്തതോടെ തർക്കം രൂക്ഷമായി. പിന്നാലെ യുവതികൾ അക്രമാസക്തരാവുകയും അഹമ്മദിനെ അസഭ്യം പറയുകയും ഹെൽമെറ്റ് കൊണ്ടും കൈകളിൽ ചുറ്റിയ ചങ്ങല കൊണ്ടും മർദിക്കുകയും ചെയ്തു.

സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചപ്പോൾ, യുവതികൾ അവരെയും ആക്രമിച്ചു. ചിലരെ ചവിട്ടിവീഴ്ത്താനും അശ്ലീല ആംഗ്യങ്ങൾ കാണിക്കാനും ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ്, യുവതികളെ ഏറെ പണിപ്പെട്ടാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും പോലീസ് വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും, കസ്റ്റഡിയിലുള്ള യുവതികളുടെ പേരുവിവരങ്ങൾ സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Tags:    

Similar News