'വർഗീയവാദികൾക്കെതിരായ പോരാട്ടത്തിൽ 'മുഹമ്മദ് ദീപക്' രാജ്യത്തിന്‍റെ പ്രത്യാശാനാളം; ബജ്‌റംഗ് ദൾ പ്രവർത്തകരിൽ നിന്നും കച്ചവടക്കാരനെ രക്ഷിച്ച ദീപക് കുമാറിനെ കാണാനെത്തി ജോൺ ബ്രിട്ടാസ് എംപി
കോട്ദ്വാർ: ഉത്തരാഖണ്ഡിലെ കോട്ദ്വാറിൽ ബജ്‌റംഗ് ദൾ പ്രവർത്തകരിൽ നിന്ന് മുസ്ലീം വ്യാപാരിയെ രക്ഷിച്ച ദീപക് കുമാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഎം രാജ്യസഭാ എംപിയും നേതാവുമായ ജോൺ ബ്രിട്ടാസ്. ദീപക് കുമാറിനെ ജോൺ ബ്രിട്ടാസ് നേരിൽ കണ്ടു. വർഗീയവാദികൾക്കെതിരായ പോരാട്ടത്തിൽ ദീപക് കുമാർ രാജ്യത്തിന്‍റെ പ്രത്യാശാനാളമാണെന്ന് എംപി അഭിപ്രായപ്പെട്ടു. മതമൈത്രിയിൽ അഭിമാനിക്കുന്ന കേരളത്തിന്‍റെ ആശംസകളും പിന്തുണയും അറിയിക്കാനാണ് താൻ എത്തിയതെന്നും ബ്രിട്ടാസ് വ്യക്തമാക്കി.
മുഹമ്മദ് ഷൊയ്ബ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 'ബാബ' എന്ന വസ്ത്രക്കടയുടെ പേരിനെച്ചൊല്ലിയുള്ള ബജ്‌റംഗ് ദൾ പ്രവർത്തകരുടെ പ്രതിഷേധം കടുത്ത സംഘർഷത്തിൽ കലാശിച്ചപ്പോഴാണ് ജിം ഉടമയായ ദീപക് കുമാർ ധീരമായി ഇടപെട്ടത്. കടയുടെ പേര് പ്രദേശത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രമായ സിദ്ധബലി ബാബയുമായി സാമ്യമുള്ളതാണെന്നും ഇത് മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ചായിരുന്നു ബജ്‌റംഗ് ദളിന്‍റെ പ്രതിഷേധം.
ജനുവരി 28-ന് കടയ്ക്ക് മുന്നിൽ നൂറ്റിയമ്പതോളം വരുന്ന പ്രതിഷേധക്കാർ തടിച്ചുകൂടിയപ്പോൾ, ഒറ്റയ്ക്ക് അവരെ നേരിട്ട ദീപക്, തന്റെ പേരെന്താണെന്ന് ചോദിച്ചവരോട് 'എന്‍റെ പേര് മുഹമ്മദ് ദീപക്' എന്ന് മറുപടി നൽകിയത് സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. നിസ്സഹായനായ ഒരു വൃദ്ധനെ സംരക്ഷിക്കാൻ ഹിന്ദുവായിട്ടും തനിക്ക് കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ദീപക് കുമാർ പറഞ്ഞിരുന്നു.
ഇന്ത്യയെ കാർന്നുതിന്നുന്ന അർബുദമായ ഹിന്ദുത്വ വർഗീയവാദികൾക്കെതിരെയുള്ള പോരാട്ടത്തിന്‍റെ പ്രത്യാശാനാളമാണ് ദീപക് കുമാർ എന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി തന്‍റെ സന്ദർശന വേളയിൽ പറഞ്ഞു. ദീപക്കിന്‍റെ വീട്ടിലെത്തിയ എംപി, വർഗീയവാദികളുടെ ഭീഷണി നേരിട്ട ദീപക്കിന്‍റെ ജിമ്മും മുഹമ്മദ് ഷൊയ്ബിന്‍റെ 'ബാബ' തുണിക്കടയും സന്ദർശിച്ചു. കലാപകാരികളെ സംരക്ഷിക്കുകയും ദീപക്കിനെതിരെ കേസെടുക്കുകയും ചെയ്ത കോട്ദ്വാർ പോലീസ് സ്റ്റേഷനിൽ എംപി ശക്തമായ എതിർപ്പും രേഖപ്പെടുത്തി.
ജനുവരി 28-ന് പ്രതിഷേധക്കാർ കടയ്ക്ക് മുന്നിൽ തടിച്ചുകൂടിയതോടെയാണ് സ്ഥിതിഗതികൾ വഷളായത്. ഈ സമയത്താണ് ജിം ഉടമയായ ദീപക് കുമാർ ഇടപെട്ടത്. പ്രതിഷേധക്കാരെ ചോദ്യം ചെയ്ത ദീപക്, തന്റെ പേര് എന്താണെന്ന് ചോദിച്ചവരോട് "എന്‍റെ പേര് മുഹമ്മദ് ദീപക് എന്നാണ്" എന്ന് മറുപടി നൽകി. ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ദീപക് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ഹിന്ദുവായ താൻ തന്‍റെ മതത്തിൽ അഭിമാനിക്കുന്നുണ്ടെങ്കിലും അതിനുമുമ്പ് താനൊരു ഇന്ത്യക്കാരനാണെന്നും, രാജ്യത്തെ ജനങ്ങൾ പരസ്പരം ശത്രുക്കളായി കണ്ടാൽ രാജ്യം എങ്ങനെ മുന്നോട്ട് പോകുമെന്നും ദീപക് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
സംഘർഷം കനത്തതോടെ ജനുവരി 31-ന് പുറത്തുനിന്നുള്ളവർ ഉൾപ്പെടെ വലിയൊരു വിഭാഗം കടയ്ക്ക് മുന്നിൽ തടിച്ചുകൂടി. ദീപക്കിനെതിരെ നടപടി വേണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ക്രമസമാധാനം ഉറപ്പാക്കാൻ പൊലീസ് ഫ്ലാഗ് മാർച്ച് നടത്തുകയും ഉത്തർപ്രദേശുമായുള്ള അതിർത്തികളിൽ പരിശോധന കർശനമാക്കുകയും ചെയ്തു. ക്രമസമാധാനം തകർത്തതിനും വർഗീയ സംഘർഷത്തിന് ശ്രമിച്ചതിനും 40-ഓളം പേർക്കെതിരെയും, പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതിന് ദീപക്കിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
കൂടുതൽ കണ്ടെത്തുക ഓട്ടോമൊബൈൽ സർവീസ് വാർത്താ ചാനൽ സബ്സ്ക്രിപ്ഷൻ Special report access ഒടുവിൽ പൊലീസിന്‍റെയും ഭരണകൂടത്തിന്‍റെയും നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് തർക്കം പരിഹരിച്ചത്. ഷൊയ്ബിന്‍റെ കട 'ബാബ' എന്ന പേരിൽ തന്നെ തുടർന്നും പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എ.എസ്.പി ചന്ദ്രമോഹൻ സിംഗ് മുന്നറിയിപ്പ് നൽകി. അതേസമയം, വിവാദങ്ങളെത്തുടർന്ന് തന്റെ ജിം അടച്ചിടേണ്ടി വന്നതായും കുടുംബത്തിന്‍റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ദീപക് പ്രതികരിച്ചു.
