വടക്കുകിഴക്കന്‍ യുവതിയെ അധിക്ഷേപിച്ച് മൂന്നു യുവാക്കള്‍; ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടു യുവതി; ഹിന്ദി അറിയാത്തതിന് മോശമായി പെരുമാറിയെന്ന് യുവതി

വടക്കുകിഴക്കന്‍ യുവതിയെ അധിക്ഷേപിച്ച് മൂന്നു യുവാക്കള്‍

Update: 2026-02-08 13:11 GMT

മുംബൈ: വടക്കുകിഴക്കന്‍ ഇന്ത്യയില്‍ നിന്നുള്ള യുവതിയെ പിന്നാലെ നടന്ന് അധിക്ഷേപിച്ച് മൂന്ന് യുവാക്കള്‍. യുവതിയെ മൂന്ന് പുരുഷന്‍മാര്‍ പിന്തുടരുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവം വലിയ പ്രതിഷേധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. യുവതി തന്നെയാണ് സംഭവം ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

വടക്കുകിഴക്കന്‍ സ്വദേശിനിയായ ചിരോ എന്ന യുവതിയാണ് തനിക്കുണ്ടായ ഈ ദുരനുഭവം ഇന്‍സ്റ്റാഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. ഇതോടെ കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്. തനിക്ക് ഹിന്ദി അറിയില്ലെന്ന് കരുതിയാണ് ഈ പുരുഷന്മാര്‍ മോശമായി പെരുമാറിയതെന്നും തന്റെ രൂപം അല്പം വ്യത്യസ്തമായതുകൊണ്ടാണ് ഇത്തരത്തില്‍ അവഹേളിക്കപ്പെട്ടതെന്നും യുവതി പറഞ്ഞു. തനിച്ച് നടന്നുപോവുന്ന പെണ്‍കുട്ടികളെ കാണുമ്പോള്‍ ഇത്തരത്തിലുള്ള പുരുഷന്മാര്‍ മോശമായി പെരുമാറുന്നത് പതിവാണെന്നും യുവതി വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. ഇവര്‍ തന്നെ വിടാതെ പിന്തുടരുകയും പരിഹസിക്കുകയും ചെയ്തതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

യുവതി ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടെന്ന് അറിഞ്ഞിട്ടും ഇവര്‍ പിന്മാറാന്‍ തയ്യാറായില്ല. അവര്‍ ക്യാമറയ്ക്ക് നേരെ നോക്കി ചിരിക്കുകയും ബോളിവുഡ് പാട്ടുകള്‍ പാടി യുവതിയെ പരിഹസിക്കുകയും ചെയ്തുകൊണ്ടിരുന്നു. തന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക് എത്തുന്നതുവരെ ഈ സംഘം പിന്തുടര്‍ന്നതായും അപ്പോഴാണ് തനിക്ക് സുരക്ഷിതത്വം തോന്നിയതെന്നും ചിരോ വെളിപ്പെടുത്തി. പ്രശസ്തിക്ക് വേണ്ടിയല്ല താന്‍ ഈ വീഡിയോ പങ്കുവെച്ചതെന്നും സ്ത്രീകള്‍ നേരിടുന്ന ഇത്തരം വെല്ലുവിളികള്‍ സമൂഹത്തെ അറിയിക്കാനാണ് ഇതെന്നും അവര്‍ പറഞ്ഞു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Tags:    

Similar News