തുടര്‍ഭരണം ആഗ്രഹിക്കുന്നു; ഇത് അസമീസ് ജനതയുടെ ഉറച്ച നിലപാട്; എന്‍ഡിഎ സഖ്യം 90 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്ന് ഹിമന്ത ബിശ്വശര്‍മ

Update: 2026-04-11 06:40 GMT

ഗുവാഹത്തി: അസം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ, റെക്കോര്‍ഡ് പോളിംഗില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും. സംസ്ഥാനത്ത് ഇത്തവണ 85.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇത് അസമീസ് ജനതയുടെ ഉറച്ച നിലപാടാണെന്നും എന്‍ഡിഎ സഖ്യം 90 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ പറഞ്ഞു.

2016 മുതലുള്ള തിരഞ്ഞെടുപ്പുകളില്‍ പോളിംഗ് ശതമാനത്തിലുണ്ടാകുന്ന ക്രമാനുഗതമായ വര്‍ധനവ് ഭരണത്തുടര്‍ച്ചയിലേക്കുള്ള സൂചനയാണെന്ന് മുഖ്യമന്ത്രി വിലയിരുത്തുന്നു. ചില മണ്ഡലങ്ങളില്‍ പോളിംഗ് 94 മുതല്‍ 95 ശതമാനം വരെ ഉയര്‍ന്നത് മാറ്റത്തിന് വേണ്ടിയല്ല, മറിച്ച് നിലവിലുള്ള സര്‍ക്കാരിനോടുള്ള ജനങ്ങളുടെ താല്‍പ്പര്യമാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്‍ഡിഎയുടെ സീറ്റ് നില 100 കടന്നാലും അത്ഭുതപ്പെടാനില്ലെന്നും കോണ്‍ഗ്രസ് വെറും 18-22 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

അതേസമയം, ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്നും സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വിശാല സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും എപിസിസി അധ്യക്ഷനും എംപിയുമായ ഗൗരവ് ഗൊഗോയ് പറഞ്ഞു. ന്യൂനപക്ഷ മേഖലകളിലെ ഉയര്‍ന്ന പോളിംഗ് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ പ്രതീക്ഷ. തൊഴിലില്ലായ്മയും തേയില വ്യവസായത്തിലെ പ്രതിസന്ധികളും ജനങ്ങളില്‍ വലിയ തോതില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്നും യുവാക്കളുടെയും സാധാരണക്കാരുടെയും വോട്ടുകള്‍ ഇത്തവണ മാറ്റത്തിന് വേണ്ടിയാണെന്നും ഗൊഗോയ് കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ ഏഴ് മണ്ഡലങ്ങളില്‍ 95 ശതമാനത്തിന് മുകളിലാണ് പോളിംഗ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് സമാധാനപരമായിരുന്നെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. മെയ് നാലിനാണ് ഏവരും ഉറ്റുനോക്കുന്ന ഫലപ്രഖ്യാപനം നടക്കുക.

Similar News