കുരുന്ന് ജീവനെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചു; പക്ഷെ ദൈവം പ്രാർത്ഥന കേട്ടില്ല; നാടിനെ വേദനയിലാഴ്ത്തി അവന്റെ മടക്കം; കുഴൽക്കിണറിൽ വീണ പിഞ്ചു കുഞ്ഞ് മരിച്ചു
ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരൻ മരണത്തിന് കീഴടങ്ങി. ഝലാരിയ ഗ്രാമത്തിൽ വ്യാഴാഴ്ച വൈകുന്നേരം അപകടത്തിൽപ്പെട്ട ഭഗീരഥ് എന്ന ബാലനാണ് 23 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ വിടവാങ്ങിയത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാജസ്ഥാനിലെ പാലി ജില്ലയിൽ നിന്നുള്ള ആട്ടിടയൻ പ്രവീൺ ദേവാസിയുടെ മകനാണ് ഭഗീരഥ്. കുടുംബം ആടുകളെ മേയിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കുഴൽക്കിണറിന്റെ മൂടി മാറ്റുകയും ഉള്ളിലേക്ക് വീഴുകയുമായിരുന്നു. ഏകദേശം 60-65 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയത്. മൂന്ന് ദിവസം മുൻപ് മാത്രം പ്രദേശത്തെത്തിയ ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ഈ ദുരന്തം.
വ്യാഴാഴ്ച രാത്രി ഏഴരയോടെ ആരംഭിച്ച രക്ഷാപ്രവർത്തനത്തിൽ ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകൾ (NDRF & SDRF) സംയുക്തമായാണ് പങ്കെടുത്തത്. എന്നാൽ പ്രദേശത്തെ കഠിനമായ പാറക്കെട്ടുകൾ രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമായി.
40 അടി വരെ കുഴിച്ചപ്പോൾ കൂറ്റൻ പാറകൾ കണ്ടതിനെത്തുടർന്ന് സാധാരണ മെഷീനുകൾ പരാജയപ്പെട്ടു. തുടർന്ന് ഇൻഡോർ, ഭോപ്പാൽ എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക ഡ്രില്ലിംഗ് മെഷീനുകൾ എത്തിച്ചാണ് കുഴിയെടുക്കൽ തുടർന്നത്.
കുഴൽക്കിണറിനുള്ളിലേക്ക് ഓക്സിജൻ നൽകുകയും ക്യാമറ വഴി കുട്ടിയെ നിരീക്ഷിക്കുകയും ചെയ്തിരുന്നു. എങ്കിലും സമയം കൂടുംതോറും കുട്ടിയുടെ പ്രതികരണങ്ങൾ കുറഞ്ഞുവന്നത് ആശങ്ക വർദ്ധിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കുട്ടിയെ പുറത്തെടുക്കുമ്പോൾ ചലനമറ്റ നിലയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
തുറന്നിട്ട കുഴൽക്കിണറുകൾ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് പ്രദേശവാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഒരമ്മയുടെയും അച്ഛന്റെയും 23 മണിക്കൂർ നീണ്ട പ്രാർത്ഥനകൾക്കും കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട് ഭഗീരഥ് യാത്രയായി.
