യുപിയില്‍ വന്‍ ഭീകരവേട്ട! ലഖ്നൗ റെയില്‍വേ സ്റ്റേഷന്‍ തകര്‍ക്കാന്‍ പദ്ധതിയിട്ട പാക് ഏജന്റുമാര്‍ പിടിയില്‍
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര ഭീകര ശൃംഖലയുമായി ബന്ധമുള്ള രണ്ട് പേരെ സംസ്ഥാന തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്) പിടികൂടി. ബിജ്നോര്‍ സ്വദേശികളായ ഉവൈദ് മാലിക്, ജലാല്‍ ഹൈദര്‍ എന്നിവരാണ് പിടിയിലായത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി സോഷ്യല്‍ മീഡിയ വഴി യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന വിപുലമായ ശൃംഖലയിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് സ്ഥിരീകരിച്ചു.
മീററ്റ് സ്വദേശിയായ ആഖിബ് എന്നയാളാണ് ഈ ശൃംഖലയുടെ ഇന്ത്യയിലെ പ്രധാന സൂത്രധാരന്‍. ഇന്‍സ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകള്‍ വഴി യുവാക്കള്‍ക്കിടയില്‍ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും രാജ്യവിരുദ്ധ വികാരം ഉണര്‍ത്തുകയും ചെയ്യുക എന്നതായിരുന്നു പിടിയിലായവരുടെ പ്രധാന ദൗത്യം. ആഖിബിന് ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ ഭീകര ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പ് സൂറത്തില്‍ ജോലി ചെയ്യുന്നതിനിടയിലാണ് പ്രതികള്‍ ആഖിബിനെയും ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ മൈസൂളിനയെയും പരിചയപ്പെടുന്നത്.
ഈ സംഘത്തിലെ മറ്റ് നാല് പേരെ ഏപ്രില്‍ രണ്ടിന് മീററ്റില്‍ നിന്നും ഗൗതം ബുദ്ധ നഗറില്‍ നിന്നും എ.ടി.എസ് പിടികൂടിയിരുന്നു. ലഖ്നൗ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം നടത്താന്‍ ഇവര്‍ ഗൂഢാലോചന നടത്തിയെന്ന ഞെട്ടിക്കുന്ന വിവരമാണ് അന്ന് ചോദ്യം ചെയ്യലില്‍ ലഭിച്ചത്. ഇതോടെയാണ് അന്വേഷണം ബിജ്നോറിലേക്ക് കൂടി വ്യാപിപ്പിച്ചത്.
അന്വേഷണത്തില്‍ വഴിത്തിരിവായത് 2025 നവംബറില്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ ആണ്. വീഡിയോയില്‍ ആഖിബ് എ.കെ-47 തോക്കും സ്‌ഫോടകവസ്തുക്കളും പ്രദര്‍ശിപ്പിച്ചിരുന്നു. അന്ന് ലോക്കല്‍ പോലീസ് ഇത് വെറും കളിപ്പാട്ടങ്ങളാണെന്ന് കരുതി കേസ് അവസാനിപ്പിച്ചെങ്കിലും എ.ടി.എസ് നടത്തിയ പുനരന്വേഷണത്തില്‍ ഇവ യഥാര്‍ത്ഥ ആയുധങ്ങളാണെന്ന് തെളിഞ്ഞു. പഴയ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. മുഖ്യപ്രതിയായ ആഖിബിനെ കണ്ടെത്താന്‍ മൂന്ന് ലുക്കൗട്ട് നോട്ടീസുകള്‍ പുറപ്പെടുവിച്ചു. ഉത്തര്‍പ്രദേശിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായി എ.ടി.എസ് അറിയിച്ചു.
