അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ടു; കേസില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ ജയിലില്‍ കൊല്ലപ്പെട്ടു; ആക്രമിച്ചത് സഹതടവുകാരന്‍

Update: 2026-02-09 12:43 GMT

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട കേസില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ അബ്ദുല്‍ റഹ്‌മാന്‍ ഫരീദാബാദ് ജയിലില്‍ കൊല്ലപ്പെട്ടു. സഹതടവുകാരനായ അരുണ്‍ ചൗധരിയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം. ജമ്മു കശ്മീര്‍ സ്വദേശിയായ അബ്ദുല്‍ റഹ്‌മാനെ കശ്മീരിലെ നീംക ജയിലില്‍നിന്ന് കഴിഞ്ഞ ദിവസമാണ് ഫരീദാബാദ് ജയിലിലേക്ക് മാറ്റിയത്. ഇവിടെവെച്ച് റഹ്‌മാനെ അരുണ്‍ ചൗധരി ആക്രമിക്കുകയായിരുന്നു. സിവില്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം കശ്മീരിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ഓഗസ്റ്റില്‍ അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ടു എന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് അബ്ദുല്‍ റഹ്‌മാനെ പോലീസ് പിടികൂടുന്നത്. ഗുജറാത്ത് എടിഎസ്, ഫരീദാബാദ് പോലീസ്, ഇന്റലിജന്‍സ് ബ്യൂറോ എന്നിവര്‍ സംയുക്തമായി രാജസ്ഥാനിലെ പാലിയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അല്‍ ഖ്വയ്ദയുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ നേതാവായ അബു സൗഫിയാനുമായി റഹ്‌മാന് അടുത്ത ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അതേസമയം, തന്റെ മകനെ ബോധപൂര്‍വ്വം ഈ കേസില്‍ കുടുക്കിയതാണെന്ന് അബ്ദുല്‍ റഹ്‌മാന്റെ അമ്മ ആരോപിക്കുന്നു. സംഭവത്തില്‍ ജയില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.

Similar News