എട്ടാം ക്ലാസിൽ തുടങ്ങിയ പ്രണയം, 10 വർഷത്തെ ദാമ്പത്യം; എല്ലാം മറന്ന് മറ്റൊരാളെ വിവാഹം കഴിക്കാൻ ഒരുക്കം; കല്യാണ മണ്ഡപത്തിലേക്ക് ആദ്യ ഭാര്യയുടെ 'സർപ്രൈസ് എൻട്രി'; ഭർത്താവിന് കിട്ടിയത് എട്ടിന്റെ പണി
മാണ്ഡ്യ: നിയമപരമായി വിവാഹമോചനം നേടാതെ രണ്ടാം വിവാഹത്തിന് ഒരുങ്ങിയ ഭർത്താവിന് ഭാര്യ നൽകിയത് എട്ടിന്റെ പണി. ബെംഗളൂരു സ്വദേശിയായ ഹരിപ്രസാദിന്റെ ശ്രമം ആദ്യ ഭാര്യ ലേപാക്ഷി തടയുകയായിരുന്നു. കർണാടകയിലെ എടയൂരിലെ എസ്എൽഎൻ കല്യാണ മണ്ഡപത്തിൽ താലി കെട്ടുന്ന സമയത്താണ് ലേപാക്ഷി പൊലീസുമായി എത്തി വിവാഹം നിർത്തിവെപ്പിച്ചത്. ഇതോടെ കല്യാണമണ്ഡപത്തിൽ വലിയ ആശയക്കുഴപ്പമുണ്ടായി.
ഹരിപ്രസാദും ലേപാക്ഷിയും 2014-ലാണ് വിവാഹിതരായത്. എട്ടാം ക്ലാസ് മുതൽ പ്രണയത്തിലായിരുന്ന ഇവർക്ക് പത്ത് വർഷത്തെ ദാമ്പത്യ ജീവിതമുണ്ട്. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഇരുവരും അകന്നു കഴിയുകയായിരുന്നുവെങ്കിലും, നിയമപരമായി വിവാഹബന്ധം വേർപെടുത്തിയിരുന്നില്ല. മാണ്ഡ്യ ജില്ലയിലെ പുണ്യശ്രീ എന്ന യുവതിയുമായി എടയൂരിലെ എസ്എൽഎൻ കല്യാണ മണ്ഡപത്തിൽ വെച്ചാണ് ഹരിപ്രസാദ് രണ്ടാം വിവാഹത്തിന് ഒരുങ്ങിയത്.
ഈ വിവരം അറിഞ്ഞ ലേപാക്ഷി, പൊലീസുമായി വിവാഹ വേദിയിലെത്തുകയായിരുന്നു. തനിക്ക് വിവാഹമോചനം നൽകാതെയാണ് ഭർത്താവ് വീണ്ടും വിവാഹം കഴിക്കുന്നതെന്ന് ലേപാക്ഷി വധുവിന്റെ വീട്ടുകാരെ അറിയിച്ചു. ഇതോടെ വധുവിന്റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറുകയും ചടങ്ങുകൾ നിർത്തിവെക്കുകയും ചെയ്തു. കുടുംബ വഴക്കിനെ തുടർന്ന് അകന്നു കഴിയുകയായിരുന്ന താൻ, വിവാഹമോചനം നേടാതെ ഭർത്താവ് വീണ്ടും വിവാഹം കഴിക്കാൻ ശ്രമിച്ചത് കൊണ്ടാണ് വിവാഹം തടഞ്ഞതെന്ന് ലേപാക്ഷി പ്രതികരിച്ചു.