ജമ്മു കശ്മീരില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ബുധനാഴ്ച; സമ്മതിദാനാവകാശം വിനിയോഗിക്കുക 27.78 ലക്ഷം പേര്‍

ജമ്മു കശ്മീരില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ബുധനാഴ്ച

Update: 2024-09-24 15:37 GMT

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ബുധനാഴ്ച നടക്കും. തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആറു ജില്ലകളിലെ 26 നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 39 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുള്ള തെരഞ്ഞെടുപ്പില്‍ 27.78 ലക്ഷം പേര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.

തെരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പുവരുത്താന്‍ 3,502 പോളിങ് സ്റ്റേഷനുകളിലും ഓണ്‍ലൈന്‍ വഴി തത്സമയ സംപ്രേഷണം ഒരുക്കിയിട്ടുണ്ട്. കനത്ത സുരക്ഷക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജമ്മു കശ്മീര്‍ പൊലീസും അറിയിച്ചു.

നാഷനല്‍ കോണ്‍?ഫറന്‍സ് ഉപാധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല, ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് ഹാമിദ് ഖറ, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന എന്നിവരാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. ഉമര്‍ അബ്ദുല്ല ബുധ്ഗാമിലും ഗന്ദര്‍ബാലിലും രവീന്ദര്‍ റെയ്‌ന നൗഷേരയിലുമാണ് മത്സരിക്കുന്നത്.

സെപ്റ്റംബര്‍ 18ന് നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ 61.38 ശതമാനമായിരുന്നു പോളിങ്. 90 അംഗ നിയമസഭയിലെ 40 സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് ഒക്ടോബര്‍ ഒന്നിനാണ്. വോട്ടെണ്ണല്‍ ഒക്ടോബര്‍ എട്ടിന്.

Tags:    

Similar News