ഡല്‍ഹി സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി സന്ദേശം; പിന്നില്‍ വിദ്യാര്‍ഥികളെന്ന് പോലീസ്; ലക്ഷ്യമിട്ടത് പരീക്ഷ മാറ്റിവെപ്പിക്കല്‍

ഡല്‍ഹി സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി സന്ദേശം

Update: 2024-12-22 14:28 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശമയച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് വിദ്യാര്‍ഥികള്‍ തന്നെയെന്ന് കണ്ടെത്തല്‍. രോഹിണി ജില്ലയിലെ രണ്ട് സ്‌കൂളുകള്‍ അടക്കം ലഭിച്ച ഭീഷണി സന്ദേശത്തില്‍ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലാണ് അന്വേഷണം നടത്തിയത്.

രണ്ട് സ്‌കൂളുകളിലേക്കും അതാത് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ തന്നെയാണ് സന്ദേശമയച്ചതെന്ന് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ വ്യക്തമാക്കി. പരീക്ഷയ്ക്ക് പഠിക്കാത്തതുകൊണ്ട് പരീക്ഷ മാറ്റിവെപ്പിക്കുക എന്ന ഉദ്ദേശത്തോടെ വിദ്യാര്‍ഥികള്‍ ഇ-മെയില്‍ വഴി സ്‌കൂളുകളിലേക്ക് ഭീഷണി സന്ദേശമയച്ചത്. രണ്ട് പേരും വിദ്യാര്‍ഥികളായതിനാല്‍, കൗണ്‍സിലിങ് നല്‍കി ഇരുവരെയും വിട്ടയച്ചുവെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

നവംബര്‍ 28ന് രോഹിണി പ്രശാന്ത് വിഹാര്‍ പി.വി.ആര്‍ മള്‍ട്ടിപ്ലക്സില്‍ ദുരൂഹ സാഹചര്യത്തില്‍ സ്ഫോടനം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് വെങ്കിടേശ്വര്‍ ഗ്ലോബല്‍ സ്‌കൂളിന് ഇ-മെയിലില്‍ ബോംബ് ഭീഷണി ലഭിച്ചത്. നൂറോളം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചതിനെ കുറിച്ച് ഡല്‍ഹി പൊലീസ് അന്വേഷണം തുടരുകയാണ്. ഇ-മെയിലുകള്‍ വി.പി.എന്‍ ഉപയോഗിച്ച് അയക്കുന്നതിനാലാണ് യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തുന്നത് പൊലീസിന് വെല്ലുവിളിയാകുന്നത്.

Tags:    

Similar News