'ഇന്ത്യ നേരത്തെ നിലവിലുണ്ടായിരുന്നു; പിന്നീട് പാകിസ്താന്‍ ഇന്ത്യയില്‍നിന്ന് വേര്‍പെട്ടു; മഹാത്മാഗാന്ധി പാകിസ്താന്റെ രാഷ്ട്രപിതാവ്'; ഗായകന്‍ അഭിജിത് ഭട്ടാചാര്യയുടെ പരാമര്‍ശം വിവാദത്തില്‍
മഹാത്മാഗാന്ധി പാകിസ്താന്റെ രാഷ്ട്രപിതാവ്';
മുംബൈ: ഗായകന്‍ അഭിജിത് ഭട്ടാചാര്യയുടെ പരാമര്‍ശത്തില്‍ വിവാദം. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ് അഭിതിത്തിനെ വിവാദത്തില്‍ ചാടിച്ചത്. മഹാത്മാഗാന്ധി പാകിസ്താന്റെ രാഷ്ട്രപിതാവായിരുന്നു, ഇന്ത്യയുടേതല്ലെന്ന അഭിജിത്തിന്റെ പോഡ്കാസ്റ്റ് പരാമര്‍ശത്തിനെതിരേ സാമൂഹിക, സാംസ്‌കാരിക രംഗത്ത് പ്രതിഷേധം ഉയരുന്നു.
മാധ്യമ പ്രവര്‍ത്തകന്‍ ശുഭാങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റ് ഷോയില്‍ സംഗീത സംവിധായകന്‍ ആര്‍.ഡി.ബര്‍മനെക്കുറിച്ച് പറയുമ്പോഴാണ് അഭിജിത് ഭട്ടാചാര്യ മഹാത്മാ ഗാന്ധിയെക്കുറിച്ചും പരാമര്‍ശിച്ചതും വിവാദമായതും. മഹാത്മാ ഗാന്ധിയേക്കാള്‍ വലിയയാളാണ് പഞ്ചം ദാ എന്നുവിശേഷണമുള്ള ആര്‍.ഡി. ബര്‍മന്‍ എന്ന് അഭിജിത് പറഞ്ഞു. മഹാത്മാ ഗാന്ധിയാണ് നമ്മുടെ രാഷ്ട്ര പിതാവെങ്കില്‍ സംഗീത ലോകത്തെ നമ്മുടെ രാഷ്ട്രപിതാവാണ് ആര്‍.ഡി. ബര്‍മനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ഇന്ത്യ നേരത്തെ നിലവിലുണ്ടായിരുന്നു. പിന്നീട് പാകിസ്താന്‍ ഇന്ത്യയില്‍നിന്ന് വേര്‍പെട്ടു. ഗാന്ധിജിയെ ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് തെറ്റായി വിളിച്ചിട്ടുണ്ട്. പാകിസ്താന്റെ നിലനില്‍പ്പിന് പിന്നിലെ ഉത്തരവാദി അദ്ദേഹമാണ്.' -അഭിജിത് പറഞ്ഞു.
മുതിര്‍ന്ന ഗായിക ആശാ ഭോസ്ലെയ്ക്കൊപ്പം ഒരു സംഘഗാനത്തിലൂടെയാണ് ആര്‍.ഡി. ബര്‍മന്‍ ഒരു ബംഗാളി സിനിമയില്‍ അഭിജിത് ഭട്ടാചാര്യയെ അവതരിപ്പിച്ചത്. കരിയറിന്റെ തുടക്കത്തില്‍ ആര്‍.ഡി. ബര്‍മനോടൊപ്പം ഗായകനായി അദ്ദേഹം സ്റ്റേജ് ഷോകള്‍ ചെയ്തു. മിഥുന്‍ ചക്രവര്‍ത്തി, വിജയ് ആനന്ദ്, ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍, സണ്ണി ഡിയോള്‍, സഞ്ജയ് ദത്ത്, ഗോവിന്ദ, അക്ഷയ് ഖന്ന, അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, അജയ് ദേവ്ഗണ്‍, ഹൃത്വിക് റോഷന്‍, രണ്‍ബീര്‍ കപുര്‍, ചന്ദ്രചൂര്‍ സിങ്, ബോബി ഡിയോള്‍, ജിതേന്ദ്രകുമാര്‍, ജിമ്മി ഷെര്‍ഗില്‍ തുടങ്ങിയ ബോളിവുഡ് അഭിനേതാക്കള്‍ക്കായി അദ്ദേഹം പാടിയിട്ടുണ്ട്.