സ്ത്രീധനം ലക്ഷ്യമിട്ട് വിവാഹം ചെയ്തത് മൂന്ന് തവണ; നാലാം വിവാഹത്തിനൊരുങ്ങവെ യുവാവ് കുടുങ്ങി: ഒന്നിച്ചെത്തി പരാതി നല്‍കി മൂന്നു ഭാര്യമാര്‍
സ്ത്രീധനം ലക്ഷ്യമിട്ട് വിവാഹം ചെയ്തത് മൂന്ന് തവണ; നാലാം വിവാഹത്തിനൊരുങ്ങവെ യുവാവ് കുടുങ്ങി
ലക്‌നൗ: സ്ത്രീധനം ലക്ഷ്യമിട്ട് മൂന്ന് വിവാഹം കഴിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്. നാലാം വിവാഹത്തിനൊരുങ്ങവെയാണ് യുവാവ് കുടുങ്ങിയത്. ഉയര്‍ന്ന സ്ത്രീധനം ലക്ഷ്യമിട്ടാണ് യുവാവ് മൂന്ന് സ്ത്രീകളെ വിവാഹം ചെയ്തത്. ആദ്യ വിവാഹം എന്നു പറഞ്ഞാണ് ഇയാള്‍ മൂന്ന് സ്ത്രീകളെയും വിവാഹം കഴിച്ചത്. ഇയാള്‍ തട്ടിപ്പുകാരനെന്ന് മനസ്സിലാക്കാതെയാണ് സ്ത്രീകള്‍ മൂവരും ഇയാളെ വിവാഹം ചെയ്തത്. സംഭവം പുറത്ത് വന്നതോടെ മൂന്നു പേരും ഒന്നിച്ച് നില്‍ക്കുകയും പോലിസില്‍ പരാതി നല്‍കുകയും ആയിരുന്നു.
നാലാം വിവാഹത്തിന് ഒരുങ്ങവെ ഇയാള്‍ പോലിസിന്റെ വലയില്‍ കുടുങ്ങുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ലളിത്പുര്‍ ജില്ലയിലെ മൂന്ന് സ്ത്രീകളാണ് ഒരുമിച്ചെത്തി സുനില്‍ കുമാര്‍ എന്ന യുവാവിനെതിരെ പരാതി നല്‍കിയത്. വിവാഹം കഴിഞ്ഞ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയും രണ്ട് വര്‍ഷം കഴിഞ്ഞ് ഉപേക്ഷിച്ച് പോകുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. ഇത്തരത്തില്‍ നാലാമത്തെ വിവാഹത്തിനു തയാറെടുക്കുമ്പോഴാണ് മുന്‍ഭാര്യമാര്‍ പൊലീസില്‍ പരാതിയുമായി എത്തിയത്.
ശിവാനി, രാഖി, ജ്യോതി എന്നി യുവതികളാണ് പരാതിക്കാര്‍. ഇവര്‍ മൂന്നുപേരെയും 2019, 2021, 2023 വര്‍ഷങ്ങളിലാണ് സുനില്‍ വിവാഹം ചെയ്തത്. അവിവാഹിതനെന്നു പറഞ്ഞായിരുന്നു വിവാഹം. പൊലീസ് നല്‍കുന്ന വിവരപ്രകാരം ലളിത്പുര്‍ ജില്ലയില്‍ താമസിക്കുന്ന സുനില്‍ സ്ത്രീധനം മോഹിച്ചാണ് ഒന്നിലേറെ വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷം കൂടുതല്‍ സ്ത്രീധനത്തിനായി ഭാര്യയെ പീഡിപ്പിക്കുകയും വിവാഹമോചനത്തിനു പ്രേരിപ്പിക്കുകയും ചെയ്യും. ശേഷം അടുത്ത ഗ്രാമത്തില്‍ പോയി വേറെ വിവാഹം കഴിച്ച് ജീവിക്കുന്നതാണ് ഇയാളുടെ രീതി.
2019ല്‍ ശിവാനി എന്ന യുവതിയെയാണ് സുനില്‍ ആദ്യം വിവാഹം ചെയ്യുന്നത്. യുവതിയുടെ വീട്ടുകാര്‍ 8 ലക്ഷത്തോളം സ്ത്രീധനമായി നല്‍കി. ഇതില്‍ 5 ലക്ഷം പണമായിട്ടാണ് നല്‍കിയത്. എന്നാല്‍ കൂടുതല്‍ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് സുനില്‍ പീഡനം ആരംഭിച്ചതോടെ കുടുംബബന്ധം തകര്‍ന്നു. ഇതിനു ശേഷം 2021ല്‍ സുനില്‍ ലളിത്പുര്‍ ജില്ലയില്‍തന്നെ മറ്റൊരു ഗ്രാമത്തില്‍നിന്നും രാഖിയെ വിവാഹം ചെയ്തു. ഇത്തവണയും 8 ലക്ഷം രൂപ സ്ത്രീധനം വാങ്ങിയായിരുന്നു വിവാഹം. എന്നാല്‍ കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്വര്‍ണമാലയും ബുള്ളറ്റ് വാഹനവും ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന് ബന്ധം അവസാനിപ്പിച്ചു.
2023 ലായിരുന്നു മൂന്നാം വിവാഹം. അവിവാഹിതനെന്ന് പറഞ്ഞായിരുന്നു ജ്യോതിയെ വിവാഹം കഴിച്ചത്. വിവാഹശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം തുടങ്ങി. ഇതിനിടയില്‍ സുനില്‍ മുന്‍പും വിവാഹം കഴിച്ചിട്ടുണ്ടെന്ന് ജ്യോതി മനസ്സിലാക്കി. തുടര്‍ന്ന് ബന്ധം അവസാനിപ്പിക്കുകയും മറ്റു ഭാര്യമാരെയും കൂട്ടി പരാതി നല്‍കാന്‍ പൊലീസില്‍ എത്തുകയുമായിരുന്നു. മൂന്നാം വിവാഹത്തില്‍ ദമ്പതികള്‍ക്കു പെണ്‍കുഞ്ഞും പിറന്നിരുന്നു. അന്വേഷണം നടത്തുമ്പോള്‍ നാലാം വിവാഹത്തിനു തയാറെടുക്കുകയായിരുന്നു സുനിലെന്നാണ് പൊലീസ് പറയുന്നത്.
