പരീക്ഷയ്ക്ക് വൈകിയെത്തിയതിന്റെ കാരണം ചോദിച്ചു; അധ്യാപികയുടെ കവിളില്‍ അടിച്ച ശേഷം തള്ളിയിട്ട് മര്‍ദിച്ച് വിദ്യാര്‍ത്ഥി: സ്‌കൂളിലേക്ക് ആളെ കൂട്ടിക്കൊണ്ടുവന്ന് അധ്യാപികയെ ഭീഷണിപ്പെടുത്തിയും 18കാരന്‍

പരീക്ഷയ്ക്ക് വൈകിയെത്തിയതിന്റെ കാരണം ചോദിച്ച അധ്യാപികയെ തല്ലി വിദ്യാർത്ഥി

Update: 2026-02-08 01:53 GMT

ഗാന്ധിനഗര്‍: പരീക്ഷാ ഹാളില്‍ വൈകിയെത്തിയതിന്റെ കാരണം ചോദിച്ചതിന് വിദ്യാര്‍ത്ഥി വനിതാ ഇന്‍വിജിലേറ്ററെ മര്‍ദിച്ചതായി പരാതി. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് അധ്യാപികയുടെ കരണത്തടിച്ചത്. ഗുജറാത്തിലെ പഞ്ച്മഹലിലെ എസ്.ജെ. ഡേവ് ഹൈസ്‌കൂളിലാണ് സംഭവം. അധ്യാപികയെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ ഇവര്‍ പോലിസില്‍ പരാതി നല്‍കി. 18 വയസുകാരനായ വിദ്യാര്‍ത്ഥിയാണ് അധ്യാപികയെ ആക്രമിച്ചത്. സംഭവം സ്‌കൂളിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതോടെയാണ് വിഷയം പുറത്തറിഞ്ഞത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ വ്യാപക പ്രതിഷേധവും ഉയര്‍ന്നു.

ജനുവരി 24ന് നടന്ന രണ്ടാം പ്രീ-ബോര്‍ഡ് പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഖാന്‍ അന്‍സാരി വൈകിയെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വനിതാ ഇന്‍വിജിലേറ്റര്‍ കാരണം ചോദിച്ചപ്പോള്‍ വീട്ടില്‍ ആരും എന്നോട് ഒന്നും ചോദിക്കാറില്ലെന്നും നിങ്ങളാരാണ് എന്നെ ചോദ്യം ചോദ്യം ചെയ്യാനെന്നും ചോദിച്ച് വിദ്യാര്‍ത്ഥി ദേഷ്യപ്പെട്ടു. തുടര്‍ന്ന് അധ്യാപികയുടെ കവിളില്‍ അടിക്കുകയും തള്ളിവീഴ്ത്തുകയും ചെയ്ത ശേഷം ക്ലാസ് മുറിയില്‍ നിന്ന് കുട്ടി ഓടിപ്പോയെന്നും പരാതിയില്‍ പറയുന്നു.

സംഭവം നടന്ന അന്ന് തന്നെ വിദ്യാര്‍ത്ഥിയുടെ പിതാവ് അധ്യാപികയോടും സ്‌കൂളിന്റെ ചുമതലയുള്ള പ്രിന്‍സിപ്പലിനോടുമുള്‍പ്പെടെ ക്ഷമ ചോദിച്ചതായും പൊലീസ് പറയുന്നു. ഇതിന് ശേഷം, ജനുവരി 27ന് വിദ്യാര്‍ത്ഥി പിതാവിനൊപ്പം 15- 20 ആളുകളെ കൂട്ടിക്കൊണ്ട് വീണ്ടും സ്‌കൂളിലെത്തി. അധ്യാപിക ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും, അത് ഓര്‍മ വേണമെന്നുമുള്‍പ്പെടെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെ ഫെബ്രുവരി 3ന് അധ്യാപികയുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയെങ്കിലും വെള്ളിയാഴ്ച ജാമ്യത്തില്‍ വിട്ടയച്ചു.

Tags:    

Similar News